Image Credit : Facebook
ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം വാരണാസിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബു നായകനായെത്തുന്ന ചിത്രം 2027 ഏപ്രിൽ 27നാണ് ആഗോളതലത്തില്‍ റീലീസ് ചെയ്യുക. മഹേഷ് ബാബുവിന് പുറമേ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്.കാർത്തികേയ എന്നിവർ ചേർന്നാണ് വാരണാസി നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. വാരണാസിയുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം എം കീരവാണിയാണ്. വാരണാസിയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. മികച്ച ദൃശ്യവിസ്മയമായിരിക്കും ചിത്രം എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.
1300 കോടിയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും വാരണാസിക്കുണ്ട്. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്കാ ചോപ്ര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.