‍ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ തന്നെ കാണാനെത്തിയ സ്ത്രീയെ ബലമായി പിടിച്ചുവലിച്ചു ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വെര്‍ച്ച്വല്‍ വിചാരണ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഒരു കേസിന്റെ വാദംകേള്‍ക്കല്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് തന്റെ അടുക്കലേക്കെത്തിയ സ്ത്രീയെ അഭിഭാഷകന്‍ പിടിച്ചുവലിച്ചു ചുംബിക്കുന്നത്. വിചാരണ ആരംഭിക്കുന്നതിനുള്ള കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയിലാണ് സംഭവം. ഈ സമയത്ത് മറ്റ് അഭിഭാഷകരും കേസിലെ കക്ഷികളും ജഡ്ജിക്കായി കാത്തിരിക്കുകയായിരുന്നു.

അഭിഭാഷകന്‍ തന്റെ മുറിയില്‍ കാമറയില്‍ നിന്നു അല്‍പം മാറി കസേരയിലിരിക്കുന്നത് കാണാം. അദ്ദേഹത്തിന്റെ മുഖത്തിന്റെ ഒരു വശം മാത്രമേ കാമറയില്‍ കാണുന്നുള്ളൂ, ഈ സമയം സാരിയുടുത്ത ഒരു സ്ത്രീ അഭിഭാഷകന് അടുത്തുനില്‍ക്കുന്നതും അവരുടെ കയ്യില്‍ പിടിച്ചുവലിച്ചു ചുംബിക്കുന്നതുമാണ് പുറത്തുവന്ന വിഡിയോയിലുള്ളത്. സ്ത്രീ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഭിഭാഷകന്‍ പിടിച്ചുവച്ചു ചുംബിക്കുകയായിരുന്നു.

പരിസരം മറന്നുള്ള അഭിഭാഷകന്റെ ചെയ്തിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഓണ്‍ലൈന്‍ കോടതി നടപടികള്‍ക്കിടെയില്‍ സമാനമായ പല സംഭവങ്ങളും നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ ഗൗരവത്തോടെ പ്രഫഷണലായി സമീപിക്കേണ്ട കോടതി നടപടികളിലെ ഇത്തരം പ്രവണതകള്‍ തീര്‍ത്തും ഒഴിവാക്കാനായി നടപടി സ്വീകരിക്കണമെന്നാണ് എക്സില്‍ ഉയരുന്ന ആവശ്യം.  

ENGLISH SUMMARY:

Delhi High Court lawyer is seen forcibly kissing a woman in a viral video before a virtual hearing. The incident has sparked outrage and raised concerns about professional conduct during online court proceedings.