kerala-maoist-threat-over
  • മാവോയിസ്റ്റ് ഭീഷണി ഇല്ല
  • ആഭ്യന്തരമന്ത്രാലയം പുതിയ പട്ടിക പുറത്തിറക്കി
  • കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയില്ല

കേരളമടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് മാവോയിസ്റ്റ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതുക്കിയ പട്ടികയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഒരു ജില്ലയും മാവോയിസ്റ്റ് ബാധിതമല്ല. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടികയില്‍ കണ്ണൂര്‍, വയനാട് എന്നീ ജില്ലകളെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് മാവോയിസം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് ജില്ലകളും നേരിയ ഭീഷണിയുള്ള ഏഴ് ജില്ലകളും ഛത്തീസ്ഗഡിലാണ്. മാവോയിസ്റ്റ് ഭീഷണി രൂക്ഷമായ ജില്ലകളുടെ എണ്ണം ആറില്‍നിന്ന് മൂന്നായും നേരിയ തോതില്‍ ഭീഷണിയുള്ള ജില്ലകളുടെ എണ്ണം 18ല്‍നിന്ന് 11 ആയും കുറഞ്ഞു. മാവോയിസ്റ്റ് ബാധിതമായ ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പാക്കേജ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഇതാണ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് തുടരണമെന്ന് അഭ്യര്‍ഥിച്ചത്. അതേസമയം ആയുധമെടുത്തല്ല, ചര്‍ച്ചയിലൂടെയാണ് മാവോയിസ്റ്റ് പ്രശ്നം പരിഹരിക്കേണ്ടത് എന്ന സിപിഎമ്മിന്‍റെ ദേശീയനിലപാടിന് വിരുദ്ധമാണ് പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ സര്‍ക്കാരിന്‍റെ നിലപാട്.

മാവോയിസ്റ്റ് മുക്തിയിലേക്ക് രാജ്യം

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം രാജ്യത്ത് കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 258 ആണ്. ഇന്ന് മാത്രം (16/10/2025) ഛത്തീസ്ഗഡില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 170 ആണ്. ഈ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്, ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് മുഖ്യധാരയിലേക്ക് സ്വാഗതം എന്നാണ്. അതേസമയം ആയുധമെടുത്ത് പോരാടിയാല്‍ സുരക്ഷാസേനയുടെ നടപടി നേരിടേണ്ടി വരുമെന്നാണ് അമിത് ഷാ പറഞ്ഞത്. രാജ്യത്ത് നിലവില്‍ മൂന്ന് ജില്ലകളാണ് മാവോയിസ്റ്റ് ബാധ ഏറ്റവും രൂക്ഷമായിട്ടുള്ളത്. മൂന്ന് ജില്ലകളും ഛത്തീസ്ഗഡില്‍ തന്നെ. ബിജാപൂർ, സുക്മ, നാരായൺപുർ ജില്ലകളാണ് അതീവ ഭീഷണിയുള്ളവ. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളും മാവോയിസ്റ്റ് ബാധിതമാണ്.

ടാര്‍ജറ്റ് 2026 മാര്‍ച്ച് 31

അടുത്തവര്‍ഷം മാര്‍ച്ച് 31നകം രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിലപാട്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെയും അതാത് സംസ്ഥാന സര്‍ക്കാരുകളുടെയും മികച്ച പുനരധിവാസ പാക്കേജുമുണ്ട്. ഇന്നലെ (15/10/2025) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,639 മാവോയിസ്റ്റുകളാണ് ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയത്. 836 പേര്‍ അറസ്റ്റിലായി. സേന വധിച്ചതാകട്ടെ 312 മാവോയിസ്റ്റുകളെയുമാണ്. മാവോയിസ്റ്റുകള്‍ക്ക് വിവിധ സംഘടനകളുണ്ടെങ്കിലും ‘സിപിഐ മാവോയിസ്റ്റ്’ തന്നെയാണ് ഏറ്റവും പ്രബലം. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും സുരക്ഷാസേനയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ‘സിപിഐ മാവോയിസ്റ്റി’ന്‍റെ പേരില്‍ വിവിധ വാര്‍ത്താക്കുറിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യം മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കണമെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം മാവോയിസ്റ്റുകള്‍ നിരുപാധികം കീഴടങ്ങുക അല്ലെങ്കില്‍ നടപടി നേരിടുക എന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നയം.

ENGLISH SUMMARY:

Kerala Maoist threat is reportedly over in Kerala according to the central government. Despite the Chief Minister's concerns, no districts in Kerala are listed as Maoist-affected.