കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ. എല്ലാമാസവും 5000 രൂപ വീതം നല്‍കും. കുടുംബത്തിന് മെഡിക്കൽ ഇന്‍ഷുറന്‍സ് നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും. കരൂരിലെ വീടുകള്‍ ടിവികെ സമിതി ഇന്ന് സന്ദർശിക്കും. അതേസമയം, 41 പേര്‍ മരിച്ച കരൂർ ദുരന്തത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന് ഓര്മിപ്പിച്ചാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. കരൂർ ദുരന്തത്തിൽ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് സമിതി.
തമിഴ്നാട് കേഡറിലുള്ള ഐ ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരാകണം അംഗങ്ങൾ. ഇവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്നും ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയും സിബിഐ അന്വേഷണമവശ്യപ്പെട്ട് മറ്റു ഹർജികളും പരിഗണിച്ചാണ് ഉത്തരവ്.
മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം റദ്ദാക്കിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറലിൽനിന്ന് റിപ്പോർട്ടും തേടി. സെപ്റ്റംബർ 27ന് കരൂരിൽ നടൻ വിജയുടെ റാലിക്കിടയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാൽപ്പത്തിയൊന്ന് പേരാണ് മരിച്ചത്.