ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ടിടിഇക്കെതിരെ ജാതി അധിക്ഷേപം നടത്തി സ്ത്രീകള്‍. ടിക്കറ്റെടുക്കാതെ ഫസ്റ്റ് എസി കോച്ചില്‍ യാത്ര ചെയ്ത രണ്ടു പേരെയാണ് ടിടിഇ കയ്യോടെ പൊക്കിയത്. പിന്നാലെയായിരുന്നു ജാതി അധിക്ഷേപം. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ടിക്കറ്റില്ലാതെ എങ്ങനെ എസി കോച്ചില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നു പറഞ്ഞ് ടിക്കറ്റ് കാണിക്കാനാണ് ടിടിഇ ആവശ്യപ്പെടുന്നത്. ഇതിന്‍റെ വിഡിയോ ചിത്രീകരിക്കുന്നതിനെ സ്ത്രീക്കൊപ്പമുണ്ടായിരുന്ന യുവതി എതിര്‍ത്തു. നിങ്ങള്‍ എന്ത് തരം ഫോട്ടോയാണ് എടുക്കുന്നതെന്നായിരുന്നു യുവതിയുടെ ചോദ്യം.
വാഷ്റൂം ഉപയോഗിക്കാനാണ് വന്നതെന്നും ടിടിഇ എത്തുമ്പോള്‍ ജനറൽ കമ്പാർട്ട്മെൻ്റിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും യുവതി മറുപടി നല്‍കി. എന്നാല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ചോദിച്ചപ്പോഴും ഇത് നല്‍കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ഇതോടെ സമ്മര്‍ദ്ദത്തിലായ ഇവര്‍ ടിടിഇയുടെ പേര് ചോദിച്ച ശേഷം ജാതിപരമായി അധിക്ഷേപിക്കുകയായിരുന്നു.
മറ്റൊരു ജാതിയില്‍ നിന്നാണെങ്കില്‍ ഇങ്ങനെയൊരു സീന്‍ ഉണ്ടാക്കില്ലെന്നായിരുന്നു വാക്കുകള്‍. ഇതോടെ ടിടിഇയും തിരിച്ചടിച്ചു. എനിക്കെതിരെ ജാതി അധിക്ഷേപം നടത്തരുത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ട് ഇങ്ങനെ അലറാന്‍ മാത്രമെ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ എന്നാണ് ടിടിഇ പ്രതികരിച്ചത്.
സംഭവത്തില്‍ റെയില്‍വെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈയിടെ ബിഹാറില്‍ നിന്നും ടിക്കറ്റെടുത്താതെ യാത്ര ചെയ്ത സ്കൂള്‍ ടീച്ചറും ടിടിഇയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.