TOPICS COVERED

ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന ദ്വീപ് സമൂഹമാണ് കൊക്കോ ദ്വീപ്. മ്യാന്‍മറിന്‍റെ അധീനതയിലുള്ള ഈ ദ്വീപ് സമൂഹത്തില്‍ ചൈനീസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആശങ്കവേണ്ടെന്ന അറിയിപ്പുമായി മ്യാന്‍മര്‍ എത്തുന്നത്. ആന്‍ഡമാനില്‍നിന്ന് അടുത്ത് കിടക്കുന്ന കൊക്കോ ദ്വീപുകളില്‍ നിരീക്ഷണ / ചാര സംവിധാനങ്ങള്‍ ചൈന സ്ഥാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് പറയുകയാണ് മ്യാന്‍മര്‍. ആന്‍ഡമാന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ലാന്‍ഡ്ഫോള്‍ ദ്വീപില്‍നിന്ന് കേവലം 100 കിലോമീറ്റര്‍ മാത്രമാണ് കൊക്കോ ദ്വീപിലേക്കുള്ള ദൂരം.

കൊക്കോ ദ്വീപുകളില്‍ ചൈനീസ് സാന്നിധ്യമുണ്ടെന്നത് വളരെ നേരത്തെ മുതല്‍ ഇന്ത്യയ്ക്കുള്ള ആശങ്കയാണ്. ചൈന ഇവിടെ വിവിധ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചെന്നായിരുന്നു ഏറ്റവുമൊടുവിലത്തെ വിവരം. എന്നാല്‍ ഒരൊറ്റ ചൈനീസ് പൗരന്‍ പോലും കൊക്കോ ദ്വീപില്‍ ഇല്ലെന്ന് മ്യാന്‍മര്‍ ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനെ അറിയിച്ചെന്നാണ് വിവരം. കഴിഞ്ഞമാസം (സെപ്റ്റംബര്‍) 25 - 27 തീയതികളിലായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ മ്യാന്‍മര്‍ സന്ദര്‍ശനം. അതേസമയം പ്രതിരോധ സഹകരണത്തിന്‍റെ ഭാഗമായി കൊക്കോ ദ്വീപുകളിലെ നാവിക താവളത്തിലെത്താന്‍ മ്യാന്‍മര്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.  

എന്തുകൊണ്ട് കൊക്കോ ദ്വീപുകള്‍ ഇന്ത്യയ്ക്ക് തലവേദന ?

ഇന്ത്യയുടെ ആണവ / ആണവേതര മിസൈലുകള്‍ പരീക്ഷിക്കുന്ന തന്ത്രപ്രധാന ടെസ്റ്റിങ് റേഞ്ചും (ഒഡീഷ ബാലസോറിന് സമീപത്തുള്ള മിസൈല്‍ ടെസ്റ്റിങ് റേഞ്ച്, അറിയപ്പെടുന്നത് ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ച് എന്ന്, ബ്രഹ്മോസ്, ആകാശ്, അഗ്നി, പൃഥ്വി എന്നീ മിസൈലുകള്‍ പരീക്ഷിക്കുന്നത് ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ്. ഡിആര്‍ഡിഒയുടെ കീഴിലുള്ളതാണ് ഈ മിസൈല്‍ ടെസ്റ്റിങ് കേന്ദ്രം) കിഴക്കന്‍ നാവിക കമാന്‍ഡിന്‍റെ ആസ്ഥാനമായ വിശാഖപട്ടണത്തിന് സമീപത്തുള്ള ഏറെ പ്രധാനപ്പെട്ട രാംബിളി നാവിക താവളത്തിലെ പ്രവര്‍ത്തനങ്ങളും കൊക്കോ ദ്വീപുകളില്‍നിന്ന് നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ആശങ്കയുടെ കാരണം. 

ഇന്ത്യന്‍ ആണവ അന്തര്‍വാഹിനികളുടെ കേന്ദ്രമായിക്കൊണ്ടിരിക്കുന്നതാണ് രാംബിളി നാവിക താവളം. കൊക്കോ ദ്വീപില്‍ സമീപകാലത്തായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതായി വിവിധ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ദ്വീപിലെ ഒരു റണ്‍വേയുടെ നീളവും വികസിപ്പിച്ചു. സൈനിക ബാരക്കുകള്‍ അടക്കം സൗകര്യങ്ങളും ദ്വീപിലുണ്ട്. ഒരൊറ്റ ചൈനീസ് സൈനികന്‍ പോലും ഞങ്ങളുടെ മണ്ണിലില്‍ ഇല്ലെന്നാണ് മ്യാന്‍മര്‍ ആവര്‍ത്തിക്കുന്നത്. എങ്കിലും മ്യാന്‍മറിന്‍റെ ഉറപ്പിനെ പൂര്‍ണമായി ഇന്ത്യ വിശ്വസിച്ചേക്കില്ല. !

ENGLISH SUMMARY:

Coco Islands are a source of concern for India due to potential Chinese presence. Myanmar assures that no Chinese personnel are present, but India remains cautious due to the island's proximity to strategic Indian assets.