റായ്ബറേലിയിലെ ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമാണ് യോഗി ആദിത്യനാഥിന്‍റെ അനുയായികളെന്ന് അവകാശപ്പെട്ടെത്തിയ ഒരുസംഘമാളുകള്‍ കള്ളനെന്ന് ആരോപിച്ച് ഹരിയോം എന്ന യുവാവിനെ കൊലപ്പെടുത്തിയത്.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ മരണപ്പെടുന്നതിന് മുന്‍പ് ഹരിയോം രാഹുല്‍ഗാന്ധി എന്ന് വിളിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ഇത് കേള്‍ക്കുന്ന അക്രമകാരികള്‍ രാഹുല്‍ ഗാന്ധിയോ എന്ന് ചോദിച്ച് കളിയാക്കുന്നതും ഞങ്ങള്‍ ബാബയുടെ ( യോഗി ആദിത്യനാഥ് ) ആളുകളാണെന്ന് പറയുന്നതും കാണാം. ഈ വിഡിയോ കോണ്‍ഗ്രസ് സൈബര്‍ പേജുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുല്‍ രക്ഷിക്കുമെന്ന് അയാള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെന്നുമാണ് കമന്‍റുകള്‍.
ഹരിയോമിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്‌പെൻഡു ചെയ്തു. സബ് ഇൻസ്പെക്ടർമാരായ കമൽ സിംഗ് യാദവ്, പ്രേം സിംഗ്, കോൺസ്റ്റബിൾമാരായ പ്രദീപ്, ജയ് സിംഗ് യാദവ്, അഭിഷേക് എന്നിവരെ ക്യത്യനിർവഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. എസ്എച്ച്ഒ സഞ്ജയ് കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഹരിയോമിന്‍റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്ന് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രതികരിച്ചു. റായ്ബറേലിയില്‍ നടന്നത് ദലിത് സമൂഹത്തിനും ഭരണഘടനക്കും എതിരായ ആക്രമണമാണ്. സർക്കാരുകളുടെ നിസ്സംഗതയാണ് ഇതിനു കാരണമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കോൺഗ്രസ് പ്രതികരിച്ചു.