ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം മങ്ങിയെന്ന് പറഞ്ഞ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചതായി തന്ത്രി കണ്ഠര് രാജീവര്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വമേധയാ നൽകിയ വിശദീകരണ കുറിപ്പിലാണ് കഴിഞ്ഞദിവസം സസ്പെൻഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമർശമുള്ളത്. 1999ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയതാണല്ലോ എന്ന തൻ്റെ ആവർത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോൾഡ് സ്മിത്തിൻ്റെ റിപ്പോർട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്.
നേരിട്ടുള്ള പരിശോധനയിൽ സ്വർണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയിൽ മാത്രമാണെന്നും മുഴുവൻ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിൻ്റെ വിശദീകരണം. അയ്യപ്പൻ്റെ നടയിലെ ഉപവിഗ്രഹങ്ങൾക്ക് മങ്ങലുണ്ടെങ്കിൽ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വർണം പൂശാന്‍ അനുമതി നൽകിയത്. സ്വർണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി നിരവധി തവണ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തൻ്റെ മുറിയിൽ വന്നിട്ടുണ്ട്.
ചില പൂജകൾക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണം പൂശാനുള്ള അനുമതി നൽകുന്ന ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിരുന്നതായും തന്ത്രിയുടെ വിശദീകരണം. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മങ്ങിയെന്ന് വരുത്തി പൂർണമായും ചെമ്പെന്ന് രേഖപ്പെടുത്താൻ മുരാരി ബാബു ബോധപൂർവം ശ്രമിച്ചിരുന്നു എന്നതിൻ്റെ കൂടുതൽ തെളിവാണ് ദേവസ്വം ബോർഡിന് മുന്നിലെത്തിയ തന്ത്രിയുടെ സ്വമേധയായുള്ള വിശദീകരണം.