ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. ചിരാഗ് പസ്വാന്‍റെ എല്‍.ജെ.പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യ സഖ്യത്തില്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ജയിച്ചാല്‍ മുഖ്യമന്ത്രിയാവുമെന്ന് തേജസ്വി യാദവ് ആവര്‍ത്തിച്ചു
എന്‍.ഡി.എയില്‍ പ്രധാന കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെ.ഡി.യു 107 സീറ്റിലും ബി.ജെ.പി. 105 സീറ്റിലും മല്‍സരിക്കും. ശേഷിക്കുന്ന 31 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വീതിച്ചു നല്‍കാനും ആയിരുന്നു തീരുമാനം. 40 മുതല്‍ 54 സീറ്റ് വരെ വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍ രംഗത്തെത്തിയത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ മടിക്കില്ലെന്നും ചിരാഗ് പസ്വാന്‍ നിലപാടെടുത്തതായാണ് സൂചന.
ഇന്ത്യ സഖ്യത്തില്‍ നിലവിലെ ധാരണ പ്രകാരം ആർജെഡിക്ക് 130 മുൽ 135 വരെ സീറ്റ് ലഭിക്കും. 55 മുതൽ 58 സീറ്റ് വരെ കോൺഗ്രസിന് ലഭിച്ചേക്കാം. വിഐപിക്ക് 15 വരെ സീറ്റുകൾ നൽകും. 35 മുതൽ 40 വരെ സീറ്റുകളിൽ വരെ ഇടത് പാർട്ടികൾ മത്സരിക്കും. എന്നാല്‍ 30 സീറ്റും ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിഐപി പാർട്ടി. തേജസ്വിയാദവ് തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്നതും മുന്നണിയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നാളെ ചേരും.