kancheepuram-drug

TOPICS COVERED

11 കുട്ടികളുടെ മരണത്തിനിടയാക്കിയ കോള്‍ഡ്രിഫ് ചുമമരുന്ന് നിര്‍മിക്കുന്ന തമിഴ്നാട്ടിലെ ശ്രേസന്‍ ഫാര്‍മ കമ്പനിയുടേത് വെറും തട്ടിക്കൂട്ട് സെറ്റപ്പ്. തകരഷീറ്റുകള്‍ കൊണ്ട് മറച്ചുണ്ടാക്കിയ കമ്പനി ഓഫിസിനു മുന്നില്‍ തെളിവ് നശിപ്പിക്കാനെന്നപോലെ കത്തിച്ച കുപ്പികളും മരുന്ന് അവശിഷ്ടങ്ങളും.  തമിഴ്നാട് കാഞ്ചീപുരത്തിനടുത്ത് വ്യവസായ മേഖലയിലെ  പ്ലാന്റില്‍ മനോരമ ന്യൂസ് എത്തിയപ്പോള്‍ കണ്ട കാഴ്ച തന്നെ ഉള്ളുലയ്ക്കുന്നതാണ്.

തകരഷീറ്റുകൾ കൊണ്ട് മറച്ച് ഉണ്ടാക്കിയതാണ് മുൻവശത്തെ ഓഫീസ്. കെട്ടിടത്തിന് പിന്നിൽ കത്തിക്കരിഞ്ഞ മരുന്ന് അവശിഷങ്ങളും പ്ലാസ്റ്റിക് കുപ്പികളും ചിതറിക്കിടക്കുന്നു. ഇവിടം കണ്ടാൽ മരുന്ന് ഉണ്ടാക്കുന്ന സ്ഥലം ആണോ ഇതെന്ന് ആരും ചോദിച്ച് പോകും. മധ്യപ്രദേശിൽ ചുമമരുന്ന്കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ തമിഴ്‌നാട് സർക്കാർ നടപടിയുമായി രംഗത്തെത്തിയത്. സീനിയർ ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കാഞ്ചീപുരത്ത് എത്തി പരിശോധന നടത്തി. 

ഗുരുതര ചട്ടലംഘനങ്ങളാണു കണ്ടെത്തിയത്. വിവാദ കഫ് സിറപ്പ് അടക്കം അഞ്ച് മരുന്നുകളുടെ സാംപിളുകൾ ശേഖരിച്ച് ചെന്നൈയിൽ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. തുടർന്നാണ് കഫ്സിറപ്പിൽ വ്യവസായിക ആവശ്യത്തിനടക്കം ഉപയോഗിക്കുന്ന രാസവസ്തുവായ ഡൈഎത്തിലിൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതു വൃക്ക തകരാറുണ്ടാക്കി മരണത്തിലേക്കു നയിക്കും. ഇതോടെ സംസ്ഥാനമൊട്ടാകെ കോൾഡ്രിഫിന്‍റെ വിതരണവും വിൽപനയും സർക്കാർ നിരോധിച്ചു. തുടർന്നാണ് ഉൽപാദനം നിരോധിച്ചതും. കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. വിശദീകരണം നൽകാനും നിർദേശിച്ചു. ഇതോടെ കമ്പനിയുടെ ലൈസൻസ് തുലാസിലാണ്.  കുട്ടികൾക്കു നൽകുന്നതും വേദനസംഹാരികളും പ്രമേഹ മരുന്നും അടക്കം അൻപതോളം മരുന്നുകളാണ് കമ്പനി ഉൽപാദിപ്പിക്കുന്നത്.

ENGLISH SUMMARY:

Coldriff cough syrup produced by Shresan Pharma is under scrutiny after the deaths of 11 children. The Tamil Nadu government has initiated action following the discovery of industrial chemicals in the syrup