എന്‍.ഡി.എക്കും ഇന്ത്യ മുന്നണിക്കും ഇത്തവണ ജീവന്‍മരണ പോരാട്ടമാണ് ബിഹാറില്‍. വികസനത്തിന്‍റെ പേരില്‍ എന്‍.ഡി.എ വോട്ടുതേടുമ്പോള്‍ വോട്ടുചോരിയാണ് ഇന്ത്യ സഖ്യത്തിന്‍റെ ആയുധം. ഭരണവിരുദ്ധ വികാരമുണ്ടെന്നും പ്രതിപക്ഷം വിലയിരുത്തുന്നു. പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടി നേടുന്ന വോട്ടുകളും നിര്‍ണായകമാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബിഹാറിനായി നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് കണക്കില്ല. 125 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യം, വനിതകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 10,000 രൂപ, ബിരുദ ധാരികളായ യുവാക്കള്‍ക്ക് മാസം 1000 രൂപയും നൈപുണ്യ പരിശീലനവും, ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കല്‍... ആനുകൂല്യങ്ങളുടെ പട്ടിക നീളുന്നു. ഇതുവഴി യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ പെട്ടിയിലാവുമെന്നാണ് എന്‍.ഡി.എയുടെ കണക്കുകകൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം സംസ്ഥാനത്ത് നടത്തിയ റാലികളും ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ സഖ്യമാവട്ടെ വോട്ട് ചോരി ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയും തേജസ്വി യാദവ് സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് നടത്തിയ യാത്രയും വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് കണക്കുകൂട്ടുന്നു. വികസനത്തേക്കാള്‍ ഏറെ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും വിലയിരുത്തലുണ്ട്. നിതീഷ് കുമാറിന്‍റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയും പ്രചാരണം ശക്തിപ്പെടുത്തുന്നു. പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകളില്‍ ഇരു മുന്നണികള്‍ക്കും ആശങ്കയുണ്ട്. പരമ്പരാഗത വോട്ടുബാങ്കുകളില്‍ ചെറിയ തോതിലെങ്കിലും വിള്ളല്‍വീഴ്ത്താന്‍ പ്രശാന്ത് കിഷോറിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.