ബ്രാഹ്മണക്ഷേമത്തിനായാണ് എല്ലാ സര്‍ക്കാരുകളും നിലകൊള്ളേണ്ടതെന്ന ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയടെ പരമാര്‍ശങ്ങള്‍ വിവാദത്തില്‍. സമൂഹത്തില്‍ അറിവിന്‍റെ ജ്വാല തെളിയിച്ചത് ബ്രാഹ്‌മണരാണെന്നും ഏത് സര്‍ക്കാരാണെങ്കിലും ബ്രാഹ്‌മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമായിരുന്ന രേഖ ഗുപ്ത പറഞ്ഞത്. ഡല്‍ഹിയിലെ പിതംപുരയില്‍ ബ്രാഹ്‌മണസഭ സംഘടിപ്പിച്ച ഓള്‍ ഇന്ത്യന്‍ ബ്രാഹ്‌മിണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയയിരുന്നു അവര്‍.
സമൂഹത്തില്‍ ആരെങ്കിലും അറിവിന്‍റെ ജ്വാല തെളിയിക്കുകയാണെങ്കില്‍ അത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. അവര്‍ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയൂ എന്ന് രേഖ ഗുപ്ത പറഞ്ഞു.
അറിവിന്റെ ജ്വാല ജ്വലിപ്പിച്ചും മതം പ്രചരിപ്പിച്ചും സല്‍സ്വഭാവം വളര്‍ത്തിയെടുത്തും ബ്രാഹ്‌മണ സമൂഹം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തിലായാലും ബ്രാഹ്‌മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ മുന്‍ സര്‍ക്കാരുകള്‍ക്കെതിരെയും പ്രസംഗത്തിനിടക്ക് രേഖ വിമര്‍ശനമുന്നയിച്ചു. ഡല്‍ഹിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും നല്‍കുക, കാരണം കഴിഞ്ഞ 27വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് നീങ്ങുന്നത്. നമുക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ നമ്മെ മറികടന്നതായി തോന്നുന്നു. ഡല്‍ഹിയുടെയും ഇവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ഡല്‍ഹി ഒരു വികസിത ഡല്‍ഹിയായി മാറും. ഓരോ സമുദായത്തിനും തുല്യ അവസരങ്ങള്‍ നല്‍കാനാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.