ഡല്‍ഹിയില്‍ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ കെനിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമെത്തിയ പരിശീലകര്‍ക്ക് തെരുവുനായ കടിയേറ്റു. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനുള്ളില്‍ വച്ചാണ് കടിയേറ്റത്. കെനിയന്‍ പരിശീലകനായ ഡെന്നിസ് മരാഗിയയേയും ജപ്പാന്‍ പരിശീലകയായ മെയ്ക്കോ ഒകുമാത്സുവിനേയുമാണ് തെരുവുനായ ആക്രമിച്ചത്. ചാംപ്യന്‍ഷിപ്പ് സംഘാടകര്‍ക്ക് വലിയ അപമാനമേറ്റ സംഭവമാണ് ഡല്‍ഹിയിലുണ്ടായത്.
കടിയേറ്റയുടന്‍ തന്നെ ഇരുവരേയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലവില്‍ അപകടനില തരണം ചെയ്തതായും ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കെനിയന്‍ പരിശീലകനായ ഡെന്നിസ് മരാഗിയ ടീമിലെ അത്‌ലറ്റിനോട് സംസാരിക്കുന്നതിനിടെയിലാണ് കടിയേറ്റത്. ജപ്പാന്‍ പരിശീലകയായ മെയ്ക്കോ ഒകുമാത്സുവിന് തന്റെ ടീം അത്‌ലറ്റുകളെ വാം അപ് ചെയ്യിക്കുന്നതിനിടെയാണ് തെരുവുനായയുടെ ആക്രമണമേറ്റത്.
രാവിലെ പത്തുമണിയോടെയാണ് കെനിയന്‍ പരിശീലകന് കടിയേറ്റത്. കാലില്‍ നിന്നും രക്തമൊഴുകിയതിനെത്തുടര്‍ന്ന് സ്റ്റേഡിയം മെഡിക്കല്‍ ടീം പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. കുത്തിവയ്പും മരുന്നുകളുമുള്‍പ്പെടെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ സംഭവം നിരാശാജനകമാണെന്നും ചാംപ്യന്‍ഷിപ്പിനെത്തുന്ന അത്‌ലറ്റുകളുടേയും ഒഫിഷ്യലുകളുടെയും സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സംഘാടകര്‍ ആവര്‍ത്തിച്ചു.
സ്റ്റേഡിയത്തിനു പരിസരത്തുവച്ച് തെരുവുനായ്ക്കള്‍ക്ക് ചിലര്‍ ആഹാരം നല്‍കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവുന്നതിനു കാരണമെന്നും സംഘാടകര്‍ കുറ്റപ്പെടുത്തുന്നു.