കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ ശിവശക്തിനഗറിലെ ആനന്ദജ്യോതിക്ക് നഷ്ടമായത് തന്‍റെ മനോഹരമായ ജീവിതമാണ്. വിജയ്‍യെ ജീവനോളം സ്നേഹിച്ച തന്‍റെ രണ്ടു പെൺമക്കൾക്കും ഭാര്യക്കുമൊപ്പം പോയ ആനന്ദജ്യോതി മടങ്ങി വന്നത് മൂവരുടെയും മൃതദേഹങ്ങളായിട്ടാണ്. ടിവികെയുടെ പരിപാടിക്കിടെ കുടുംബം പകർത്തിയ സെൽഫി ഒരു നൊമ്പരമായി അവശേഷിക്കുന്നുണ്ട്.
സ്ക്രീനിൽ വിജയ് യെ കാണുമ്പോൾ വിജയ് മാമ എന്നുറക്കെ വിളിക്കുന്ന നാലു വയസുകാരി കുഞ്ഞു സായി ജീവക്കും സഹോദരി സായി ലക്ഷ്ണക്കും വിജയ്‍യെ നേരിട്ട് കാണണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. സ്വപ്ന നായകൻ കരൂരിലെത്തുമെന്നറിഞ്ഞപ്പോൾ ശനിയാഴ്ച രാവിലെ തന്നെ അഛൻ ആനന്ദജ്യോതിക്കും അമ്മ ഹേമലതക്കുമൊപ്പം രണ്ടു പേരുമിറങ്ങി, ദുരന്തത്തിൽ പിന്നീട് ബാക്കിയായത് അഛൻ മാത്രം.
വിജയ്‍യുടെ വാഹനം നിന്ന ഭാഗത്തോട് ചേർന്നാണ് മൂവരും അപകടത്തിൽ പെട്ടത്. അവസാന നിമിഷം വരെ ഹേമലത കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചെങ്കിലും കൈവിട്ടുപോയി. മരണക്കയത്തിൽ പെട്ടു പോയി. ആൾകൂട്ടത്തിനു നടുവിലായത് കൊണ്ട് കുടുംബത്തിനു മാറാനായില്ല. ആശുപത്രിയിലെത്തുന്നതിനു മുന്നേ മരണം സംഭവിച്ചിരുന്നു. മൂവരുടെയും മൃതദേഹം കരൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ദുരന്തത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ട പിതാവ് ആനന്ദജ്യോതി ഇന്ന് തനിച്ചാണ്. വീടിനകത്തെ കുട്ടികളുടെ ചിത്രങ്ങളിൽ നോക്കി വിധിയെ പഴിച്ച് അദ്ദേഹം കഴിയുന്നുണ്ട്.