കരൂരിലെ ആൾകൂട്ട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. അതീവ ഗുരുതരാവസ്ഥയിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന 65 കാരി സുഗുണയാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. ദുരന്ത ഭൂമിയും പരുക്കേറ്റവരേയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു.
തമിഴ്നാട്ടുകാരി കൂടിയായ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ കരൂരിലെത്തിയത് 11 മണിയോടെ. ആദ്യം ദുരന്തഭൂമി സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായും ദൃക്സാക്ഷികളുമായും സംസാരിച്ചു. ആൾക്കൂട്ടം മരിച്ചു വീണ ഇടങ്ങൾ നടന്നു കണ്ടു. ശേഷം ദുരന്തത്തിൽ പരുക്കേറ്റ 49 പേർ ചികിത്സയിൽ കഴിയുന്ന കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി.
ഗുരുതരമായി പരുക്കേറ്റ കരൂർ സ്വദേശി സുഗുണ കൂടി മരിച്ചതോടെ കരൂർ ദുരന്തത്തിൽ പൊലിഞ്ഞവരുടെ എണ്ണം 41 ആയി. നിലവിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരും സ്വകാര്യ ആശുപത്രികളിൽ 39 പേരും ചികിൽസയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അതിനിടെ ജുഡീഷ്യൽ കമ്മിഷൻ രാവിലെ ആറു മണിയോടെ തന്നെ കരൂരിൽ എത്തി ദുരന്ത ഭൂമി പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. സമീപത്തെ വീടുകളിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ദുരന്ത ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ASP പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിനു സർക്കാർ നിർദേശം നൽകിയത്.