നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലുള്ള വീടിന് നേരെ ബോംബ് ഭീഷണി. തമിഴ്‌നാട് ഡി.ജി.പി.യുടെ ഓഫീസിലേക്കാണ് ഇ-മെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. "വിജയ്‌യുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ട്, കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോളൂ" എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച ഉടൻതന്നെ പോലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തെത്തുടർന്ന് ബോംബ് സ്ക്വാഡും സ്നിഫർ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ വീടിന് നേരത്തെ തന്നെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇന്ന് കേന്ദ്ര സേനയുടെ ഒരു സംഘത്തെ കൂടി അധികമായി സുരക്ഷയ്ക്കായി വിന്യസിച്ചു. 15 പൊലീസുകാരെ വീടിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പരിസരത്തേക്കുള്ള റോഡ് ബാരിക്കേഡ് വെച്ച് അടച്ചു. അത്യാവശ്യക്കാർക്ക് പരിശോധനയ്ക്ക് ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. നേരത്തെ ജൂലൈ മാസത്തിലും വിജയ്‌യുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്ന് അത് വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തുകയുണ്ടായി.