രാജ്യം ഇന്ന് അസാധാരണമായ ഒരു വിടവാങ്ങലിന് സാക്ഷിയാവുകയാണ്. ആറുപതിറ്റാണ്ട് രാജ്യത്തിന്‍റെ ആകാശ ഭടന്‍മാരായിരുന്ന മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നു. ചണ്ഡിഗഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും സേനാ മേധാവിമാരും പങ്കെടുക്കും.

കഥകളേറെ പറയാനുണ്ട് മിഗ് 21 ന്. സോവിയറ്റ് യൂണിയനിലായിരുന്നു ജനനം. ഇന്ത്യയിലെത്തിയത് 1963 ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ യുദ്ധത്തിനിറങ്ങി. പാക്കിസ്ഥാനെതിരെ. ശത്രുരാജ്യത്ത് വലിയനാശം വിതച്ചാണ് മടങ്ങിയത്. 1971 ല്‍ പാക് സൈന്യത്തെ കൂട്ടത്തോടെ അടിയറവു പറയിപ്പിച്ചതിലും പങ്ക് ചെറുതല്ല.  1999 ല്‍ കാര്‍ഗില്‍ മലനിരകള്‍ക്കു മുകളിലിരുന്ന പാക് പടയെ തുരത്തുന്നതിലും മുന്‍നിരയിലുണ്ടായിരുന്നു.

2019 ല്‍ ബാലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ ചുട്ടെരിച്ചതും സാങ്കേതികമായി ഏറെ മുന്നിലുള്ള അമേരിക്കയുടെ ആധുനിക എഫ്. 16 വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ തകര്‍ത്തിട്ടതും ഇതേ വിമാനംകൊണ്ട്. ഓപ്പറേഷന്‍ സിന്ദൂരില്‍ പടക്കിറങ്ങിയില്ലെങ്കിലും പറക്കാന്‍ തയാറായി നിന്നിരുന്നു. കാലം കടന്നുപോയി, പുതിയ തലമുറക്കാര്‍ അരങ്ങുവാണു. ഇനി മടക്കമാണ്. ഇന്ന് ചണ്ഡീഗഡില്‍ വ്യോമസേന മേധാവി  എ.പി. സിങ്ങ് അവസാനമായി ഫ്ലൈ പാസ്റ്റില്‍ മിഗ് 21 പറത്തും. വാട്ടര്‍ സെല്യൂട്ട് നല്‍കിയാണ് ആദരം. പ്രത്യേക സ്റ്റാംപും പുറത്തിറക്കും

ENGLISH SUMMARY:

MiG-21 retirement marks the end of an era for the Indian Air Force. After six decades of service, the MiG-21 aircraft are being retired, celebrated with a farewell ceremony and special honors.