tihar-jail

തിഹാര്‍ ജയിലില്‍ നിന്ന് അഫ്‌സല്‍ ഗുരുവിന്റെയും ജെകെഎല്‍എഫ് സ്ഥാപകന്‍ മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെയും ശവകുടീരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ശവകുടീരങ്ങളെന്നും ഇവിടം ഒരു തീർഥാടന സ്ഥലമായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ജയിലിലെത്തുന്ന തടവുകാര്‍ അഫ്‌സല്‍ ഗുരുവിനെയും മഖ്ബൂല്‍ ഭട്ടിനെയും ആരാധിക്കുകയും ശവകുടീരങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഭീകരതയെ മഹത്വവല്‍കരിക്കുന്നതും ജയില്‍ പരിസരം ദുരുപയോഗം ചെയ്യുന്നതും തടയാന്‍ ശവകുടീരങ്ങൾ മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയും ജിതേന്ദ്ര സിങ്ങുമാണ് ഹര്‍ജിയുമായെത്തിയത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ 2013ലും കശ്മീര്‍ വിഘടനവാദിയായ മഖ്ബൂല്‍ ഭട്ടിനെ 1984ലിലുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇരുവരെയും തൂക്കിലേറ്റിയതിന് പിന്നാലെ മൃതദേഹങ്ങള്‍ തിഹാര്‍ ജയില്‍ വളപ്പില്‍ സംസ്കരിക്കുകയായിരുന്നു. ഇരുവരുടെയും ശവകുടീരങ്ങൾ മറ്റൊരിടത്തേയ്ക്ക് മാറ്റമെന്ന ആവശ്യമാണിപ്പോള്‍ ഡൽഹി ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഇരുവരെയും സംസ്കരിച്ചിട്ട് 12 വർഷമായെന്നും എന്തുകൊണ്ടാണ് ഇപ്പോൾ ശവകുടീരം നീക്കണമെന്ന ഹർജി സമർപ്പിച്ചതെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. ഹർജിയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകൾ ചോദിച്ച കോടതി തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജി തളളുകയായിരുന്നു. 

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തിഹാർ ജയിൽ വളപ്പിൽ തന്നെ മൃതദേഹങ്ങൾ അന്ന് അടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 12 വര്‍ഷത്തില്‍ കൂടുതലായാല്‍ ശവകുടീരങ്ങൾ തുറക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. വധശിക്ഷ നടപ്പാക്കിയ സമയത്ത് സര്‍ക്കാര്‍ എടുത്തത് സൂക്ഷ്മമായ തീരുമാനങ്ങളാണെന്നും, ഒരുദശാബ്ദത്തിലധികം കഴിഞ്ഞതിന് ശേഷം ഇത്തരം വിഷയങ്ങള്‍ വീണ്ടും തുറന്ന് പരിശോധിക്കുന്നത് യോജിച്ചതല്ലെന്നും കോടതി പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറുകയോ ജയിലിന് പുറത്തു സംസ്കരിക്കുകയോ ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് അന്ന് ജയിലിനകത്ത് തന്നെ അടക്കം നടത്താന്‍ തീരുമാനിച്ചത്. നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് അതീവ സൂക്ഷ്മമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

ENGLISH SUMMARY:

Afzal Guru grave became a focal point after the Delhi High Court dismissed a petition seeking the removal of the graves of Afzal Guru and Maqbool Bhat from Tihar Jail. The court cited a lack of evidence and the potential for public order issues as reasons for rejecting the plea.