രാജ്യത്ത് മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കും. കപ്പല്‍ നിര്‍മാണം പ്രോല്‍സാഹിപ്പിക്കാനും മാരിടൈം വികസനത്തിനും 69,725 കോടിരൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊച്ചിയില്‍ കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ വികസിപ്പിക്കുമെന്നും യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണപ് പറഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 5000 മെഡിക്കല്‍ പി.ജി.സീറ്റുകളും 5,023 എം.ബി.ബി.എസ്. സീറ്റുകളും ആരംഭിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഒരു സീറ്റിന് 1.2 കോടി അനുവദിച്ചിരുന്നത് 1.5 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍ വികസനിപ്പിക്കുകയും പുതിയ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ തുടങ്ങുകയും ചെയ്യുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റെയില്‍വെയുടെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ബോണസ് പ്രഖ്യാപിച്ചത്. 10.91 ലക്ഷം ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടാകും. കപ്പല്‍നിര്‍മാണം പ്രോല്‍സാഹിപ്പിക്കാന്‍ 69725 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചിയില്‍ അടക്കം കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ വികസിപ്പിക്കും,. 100 കോടിക്ക് മുകളിലുള്ള കപ്പല്‍ നിര്‍മിക്കാന്‍ 20 ശതമാനം ഇന്‍സന്റീവും 100 കോടിക്ക് താഴെയുള്ള കപ്പലിന് 15 ശതമാനം ഇന്‍സന്റീവും നല്‍കും. കപ്പല്‍ നിര്‍മാണത്തിനായി ഇന്നലെ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് എച്ച്.ഡി കൊറിയ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചത് കഴിഞ്ഞ ദിവസമാണ്.