കുടുംബ ബജറ്റില്‍ വലിയ ആശ്വാസം നല്‍കുന്ന ജി.എസ്.ടി ഇളവ് ഇന്ന് പ്രാബല്യത്തിലാവും. 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ എടുത്തുകളഞ്ഞതോടെ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും കാര്യമായി വിലകുറയും. നിത്യോപയോഗ സാധനങ്ങളായ ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങി പൊറോട്ട, ചപ്പാത്തി, ഗൃഹോപകരണങ്ങള്‍, ചെറു കാറുകള്‍ എന്നിവയ്ക്കുവരെ കാര്യമായി വില കുറയും.
36 അവശ്യ മരുന്നുകള്‍ക്കും ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കും ജി.എസ്.ടി പൂര്‍ണമായി ഒഴിവാക്കിയതും കാര്യമായ ആശ്വാസമാണ്. കാര്‍ഷിക, വിദ്യാഭ്യാസ, നിര്‍മാണ മേഖലകളിലും ജി.എസ്.ടി പരിഷ്കാരം പ്രകടമായ മാറ്റമുണ്ടാക്കും. 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന 99 ശതമാനം ഉല്‍പന്നങ്ങളും അഞ്ച് ശതമാനത്തിലേക്കോ പൂജ്യത്തിലേക്കോ എത്തി. സമ്പാദ്യോല്‍സവം എന്നാണ് പരിഷ്കരണത്തെ പ്രധാനമന്ത്രി ഇന്നലെ വിശേഷിപ്പിച്ചത്.
രണ്ടുലക്ഷം കോടിരൂപ വിപണിയില്‍ എത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പ്രതീക്ഷ പ്രകടിപ്പിച്ചു. പുകയില ഉല്‍പന്നങ്ങള്‍ 40 ശതമാനം സ്ലാബിലാണെങ്കിലും തല്‍ക്കാലം നിലവിലെ 28 ശതമാനം സ്ലാബും നഷ്ടപരിഹാര സെസും തുടരും. കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ക്കും വിലകൂടും. ഉപഭോക്താക്കള്‍ക്ക് നിരക്കിളവിന്‍റെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ബി.ജെ.പിയും വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്.