ചത്തീസ്ഗഡിലെ ദുർഗിൽ ബജ്രംഗ് ദള്‍ മർദനം. ക്രൈസ്തവ വിഭാഗത്തിന്റെ പ്രാർത്ഥനയ്ക്കിടയിൽ ആയിരുന്നു ആക്രമണം. പൊലീസ് ഇടപെട്ടിട്ടില്ല എന്നാണ് ആക്ഷേപം. ബജ്രംഗ് ദള്‍ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. മലയാളി കന്യാസ്ത്രീയെ തടഞ്ഞു വെച്ചതും ജ്യോതി ശർമ ആയിരുന്നു.
ഉച്ചയോട് കൂടിയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രാർത്ഥനയ്ക്കിടെ ബജ്രംഗ് ദള്‍ പ്രവർത്തകർ കടന്നുകയറിയത്. പാസ്റ്റർ അടക്കമുള്ളവരെ ഇവര്‍ ക്രൂരമായി മർദിച്ചു. പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും കാര്യമായി ഇടപെട്ടില്ല എന്നാണ് ആക്ഷേപം. മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും അവരെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത ജ്യോതി ശർമയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധവും ആക്രമണവും ഉണ്ടായത്.
ബജ്രംഗ് ദളിന്റെ മർദനത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ ചില വിശ്വാസികൾക്ക് പരിക്കേറ്റു. പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാർഥന ആയിരുന്നു ഇവിടെ നടന്നു വന്നിരുന്നത്. ഇതിനെതിരെ മതപരിവർത്തനം അടക്കം ആരോപിച്ചാണ് ആക്രമണം നടത്തിയത്. പൊലീസ് ഇതുവരെ ഇരു വിഭാഗങ്ങൾക്കെതിരെയും കേസ് എടുത്തിട്ടില്ല.
ഒരു വീട്ടില്‍ നടന്ന പ്രാര്‍ഥന കൂട്ടായ്മക്കിടയിലേക്കാണ് ബജ്രംഗ് ദളിന്റെ നൂറോളം വരുന്ന പ്രവർത്തകർ സംഘടിച്ചെത്തി തടസമുണ്ടാക്കുകയും അവിടെ ഉണ്ടായിരുന്ന വിശ്വാസികളെ മർദിച്ച് പുറത്തിറക്കുകയും ചെയ്തത്. കടന്നു കയറാനുള്ള ശ്രമത്തിനിടെ ചില വിശ്വാസികൾ ചെറുക്കാനായി ശ്രമിച്ചു. തുടർന്നാണ് വലിയ കയ്യാങ്കളിയിലേക്കും മർദനത്തിലേക്കും പോയത്. പൊലീസ് കൃത്യമായിട്ട് ഇടപെട്ടില്ല എന്നുള്ള ഒരു ആക്ഷേപം ശക്തമാണ്.