സുരക്ഷാ വീഴ്ച ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സി.ആർ.പി.എഫ് ഡി.ജി. രാഹുൽ ഗാന്ധി ചട്ടങ്ങൾ ലംഘിച്ചാണ് വിദേശ യാത്രകൾ നടത്തുന്നത്. മുൻകൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നു എന്നും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കും അയച്ച കത്തിൽ വിമർശിച്ചു. വോട്ട് കൊള്ള ആരോപണം കടുപ്പിക്കുമ്പോളുള്ള CRPF മറുപടി രാഹുലിനെ ഭയപ്പെടുത്താനുള്ള പാഴ് ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
മലേഷ്യൻ സന്ദർശനത്തിനിടെയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ബി.ജെ.പി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിൽ കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. Z പ്ലസ് സുരക്ഷയുള്ള രാഹുലിന്റെ ചിത്രങ്ങൾ എങ്ങനെ പിന്തുടർന്ന് എടുക്കുന്നു എന്നതായിരുന്നു ചോദ്യം. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കും CRPF ഡി.ജി രൂക്ഷ വിമർശനമുന്നയിച്ച് കത്തയച്ചത്. മുൻകൂട്ടി അറിയിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും ആറോളം വിദേശ യാത്രകൾ രാഹുൽ നടത്തി എന്നാണ് CRPF പറയുന്നത്.
സുരക്ഷാക്രമീകരണങ്ങളെ ഗൗരവത്തിൽ എടുക്കുന്നില്ല എന്നും CRPF ആരോപിച്ചു. എന്നാൽ വോട്ട് കൊള്ളക്കെതിരായി രാഹുൽ ഗാന്ധി പോരാട്ടം കടുപ്പിക്കുമ്പോളുള്ള കത്ത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു എന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനാണോ ശ്രമമെന്ന് പവൻ ഖേര ചോദിച്ചു. രാഹുൽ ഗാന്ധി പുറത്ത് വിടാനിരിക്കുന്ന തെളിവുകൾ ഓർത്തുള്ള സർക്കാരിൻ്റെ അസ്വസ്ഥതയാണ് പ്രകടമാകുന്നത് എന്നും കോൺഗ്രസ് മറുപടി നൽകി.