എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരും വളര്‍ത്തുനായയ്ക്കും ദാരുണാന്ത്യം. സച്ചിന്‍ കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍ (48), മകള്‍ സുജന്‍ കപൂര്‍ (13) എന്നിവരാണ് മരിച്ചത്. പുക ഉയര്‍ന്നതോടെ ജനലില്‍ നിന്ന് ചാടിരക്ഷപ്പെട്ട മകൻ ആര്യൻ കപൂർ (24) അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഹരിയാനയിലെ ഫരീദാബാദിൽ ഗ്രീൻ ഫീൽഡ് കോളനിയിലെ നാലുനിലക്കെട്ടിടത്തിലാണ് സംഭവം.
കുടുംബം ഉറങ്ങി കിടക്കെ ഞായറാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഒന്നാം നിലയിലെ മുറിയിലെ എസിയാണ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സച്ചിന്റെ കുടുംബം. പുക രണ്ടാം നിലയിലേക്ക് വ്യാപിച്ചതോടെ ശ്വാസം മുട്ടിയാണ് കുടുംബം മരിച്ചത്. തൊട്ടടുത്ത മുറിയില്‍ താമസിച്ച മകന്‍ ജനലിലൂടെ എടുത്ത് ചാടി രക്ഷപ്പെട്ടു. ഇയാളുടെ നില ഗുരുതരമാണ്. സംഭവം നടക്കുമ്പോള്‍ ഒന്നാം നിലയിലെ ഫ്ലാറ്റില്‍ താമസക്കാരുണ്ടായിരുന്നില്ല.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് കംപ്രസർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ മുകളിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാൽ പുറത്തുകടക്കാന്‍ സാധിച്ചില്ല.