അവശ്യവസ്തുക്കള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കുറവിന് വഴിവച്ച് ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിനും ജി.എസ്.ടി. പൂര്‍ണമായി ഒഴിവാക്കി. ടൂത്ത് പേസ്റ്റ് മുതല്‍ ചെറിയ കാറുകള്‍ക്ക് വരെ വിലകുറയും. ലോട്ടറിയുടെ ജി.എസ്.ടി 40 ശതമാനമാക്കിയത് കേരളത്തിന് തിരിച്ചടിയായി. നികുതി പരിഷ്‌കാരത്തെ കേരളം എതിര്‍ത്തില്ല

10 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയിലാണ് സുപ്രധാന പരിഷ്‌കാരങ്ങള്‍ക്ക് ജി.എസ്.ടി. കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ആരോഗ്യ, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ക്ക് ജി.എസ്.ടി ഒഴിവാക്കിയതോടെ പ്രീമിയം കാര്യമായി കുറയും. നിലവില്‍ 18 ശതമാനമാണ് ഈടാക്കിയിരുന്നത്. 33 ജീവന്‍ രക്ഷാമരുന്നുകള്‍ക്കുപുറമെ കാന്‍സര്‍ മരുന്നുകള്‍, അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയ്ക്കും ജി.എസ്.ടി ഒഴിവാക്കി. പാല്‍, പനീര്‍, ബ്രഡുകള്‍, പാക്കറ്റ് ചപ്പാത്തി എന്നിവയ്ക്കും നികുതിയില്ല. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പരിഷ്‌കാരങ്ങള്‍ എന്ന് ധനമന്ത്രി.

ഹെയര്‍ ഓയില്‍, ഷാംപു, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് എന്നിങ്ങനെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും അഞ്ചുശതമാനമാണ് നികുതി. എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷന്‍, ഡിഷ് വാഷര്‍, 1200 സിസിയില്‍ താഴെയുള്ള കാറുകള്‍ 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ എന്നിവയുടെ ജി.എസ്.ടി 28 ല്‍നിന്ന് 18 ആയി കുറഞ്ഞു. കെട്ടിട നിര്‍മാണത്തിനും ചെലവ് ഗണ്യമായി കുറയും. സിമന്റിന്റെ ജി.എസ്.ടി 28 ല്‍ നിന്ന് 18 ആക്കിയപ്പോള്‍ മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവ അഞ്ചുശതമാനത്തിലേക്ക് താഴ്ന്നു.

ലോട്ടറിയുടെ ജി.എസ്.ടി 40 ശതമാനമാക്കിയത് കേരളത്തിലെ ലോട്ടറി വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. സിഗററ്റ്, പാന്‍മസാല, ആഡംബര കാറുകള്‍ എന്നിവയും 40 ശതമാനത്തില്‍ വരും. രണ്ടുദിവസം നിശ്ചയിച്ചിരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം ഒറ്റദിവസം കൊണ്ട് ധാരണയില്‍ എത്തുകയായിരുന്നു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

GST rate cuts on essential goods have been announced. This reform aims to reduce the prices of essential commodities and benefit the common man.