തോരാത്ത മഴ പെയ്ത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മുകശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ രണ്ടുദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഹിമാചലിൽ ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രളയഭീതിയിലാണ് ഡൽഹി. പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഭീതിതമാണ് ഹിമാചലിലെ കാഴ്ചകൾ. സുന്ദേര്‍ നഗറിലെ മണ്ണിടിച്ചിലില്‍ ആറ് പേർ മരിച്ചു. കുളുവിൽ വീടുകൾ തകർന്നു. റെഡ് അലർട്ട് തുടരുകയാണ്. 1300 റോഡുകൾ മണ്ണ് വീണ് അടഞ്ഞു. അപകട സാധ്യതയെ തുടർന്ന് 280 റോഡുകൾ അടച്ചിട്ടു. ജമ്മുകശ്മീരിലും ഹിമാചലിലും ഉത്തരാഖണ്ഡിലും ഉരുൾപൊട്ടൽ മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലർട്ട് തുടരുന്ന ഉത്തരാഖണ്ഡിലെ നദികൾ വീണ്ടും അപകട നിലയ്ക്ക് അടുത്ത് എത്തി. ദക്ഷിണ കശ്മീരിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി.
ഉത്തരേന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരുകളുടെ അറിയിപ്പ്. ഡൽഹി യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന തോതായ 208.66 മീറ്ററിന് മുകളിൽ എത്തി. വസീറാബാദ് , ഹത്നികുണ്ട് ബാരേജുകളിൽ നിന്ന് വരുന്ന വെള്ളത്തിൻറെ അളവ് കൂടിയതാണ് കാരണം. 10,000 ൽഅധികം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. ഗുഡ്ഗാവിലും നോയിഡയും വെള്ളക്കെട്ട് രൂക്ഷമായതിനാൽ വിദ്യാലയങ്ങൾക്ക് അവധി തുടരുകയാണ്.