delhi-rain

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഡൽഹിയിൽ ഓറഞ്ച് അലർട്ടും പ്രളയ മുന്നറിയിപ്പും തുടരുകയാണ്. റോഡ് റെയിൽ വ്യോമഗതാഗതത്തെ മഴ ബാധിച്ചു. ഹരിയാന ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിച്ചതോടെ  യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നു. ഡൽഹിയിലും പരിസരപ്രദേശങ്ങളായ ഗുഡ്ഗാവ്, നോയിഡ, ദ്വാരക തുടങ്ങിയിടങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി നൽകി. ഗുഡ്ഗാവിൽ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. 

ഹരിയാനയിലെ അംബാലയിൽ വീട് തകർന്ന് അമ്മക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രളയക്കെടുതി തുടരുകയാണ്. കൽപ്പയിൽ കുടുങ്ങിയ മലയാളി സംഘത്തിന്‍റെ തിരിച്ചുവരവും പ്രതിസന്ധിയിലായിരിക്കുകയാണ്. എയർ ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്

ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ ഡല്‍ഹി പ്രളയഭീതിയിലാണ്. യമുനാനദി ഏതാനും ദിവസമായി അപകടനിലയ്ക്ക് മുകളില്‍ ഒഴുകുകയാണ്. യമുനയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലം ഇന്ന് അഞ്ചുമണി മുതൽ അടച്ചിടും. പലയിടത്തും അഭയാര്‍ഥി ക്യാംപുകള്‍ തുറന്നു.

ഡല്‍ഹിയിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമെല്ലാം മഴ നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയതോടെയാണ് യമുനാ നദി അപകടനിലയ്ക്ക് മുകളില്‍ എത്തിയത്. തീരത്ത് നൂറുകണക്കിനാളുകള്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. പ്രളയ സാഹചര്യം മുന്നില്‍ക്കണ്ട് ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പലയിടത്തായി സര്‍ക്കാര്‍ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അതിനോടകം തന്നെ ഒട്ടേറെ പേര്‍ ടെന്‍റുകളിലേക്ക് മാറി. തീരത്ത് ശേഷിക്കുന്നവരെയും വൈകാതെ മാറ്റിപ്പാര്‍പ്പിക്കും. 

മഴ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ യമുന കരകവിയും എന്ന് ആശങ്കയുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി ഇന്നുമുതല്‍ യമുനാനദിക്കു കുറുകെ റോഡ്, റെയില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന പഴയപാലം അടയ്ക്കും. 2010 ന് ശേഷമുള്ള  ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞമാസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 400.1 മില്ലി മീറ്റര്‍. സാധാരണ ലഭിക്കേണ്ടതിലും 77 ശതമാനം അധികമാണിത്.

ENGLISH SUMMARY:

North India floods are causing widespread disruption and Delhi is on high alert. The heavy rainfall has impacted transportation and daily life, leading to school closures and work-from-home advisories in affected areas.