ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം വിതച്ച് മേഘവിസ്ഫോടനം. രുദ്രപ്രയാഗിലെ ബസുകേദാര്‍, ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഒട്ടേറെപേര്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഉത്തരേന്ത്യയിൽ കനത്ത മഴയും തുടരുകയാണ്.
മിന്നൽ പ്രളയത്തിൽ നിരവധി വീടുകളിൽ മണ്ണും അവശിഷ്ടങ്ങളും മൂടി. എത്ര പേരെ കാണാതായിട്ടുണ്ടെന്ന് കൃത്യമായ വിവരമില്ല. ദേവാലിലെ മൊപാട്ടയിൽ ദമ്പതികളെ കാണാതായത് സ്ഥിരീകരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഒട്ടേറെ വളർത്തുമൃഗങ്ങൾ മണ്ണിനടിയിലായി. രുദ്രപ്രയാഗ് ജില്ലയിൽ ആറ് പേരെ കാണാതായി. രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്തുള്ള ജലനിരപ്പ് ഉയരുകയാണ്. വെള്ളം ജനവാസ മേഖലകളിലേക്ക് പ്രവേശിച്ചതോടെ ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങി . കേദാർനാഥ് താഴ്‌വരയിലെ ലാവാര ഗ്രാമത്തിൽ പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചു പോയി. ഡൽഹിയിലും പഞ്ചാബിലും ഉൾപ്പെടെ ശക്തമായ മഴ തുടരുകയാണ്.