ധർമ്മസ്ഥലയിൽ കൂട്ടസംസ്കാരം നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് നിർണായക വഴിത്തിരിവിലേക്ക്. ആക്ഷൻ കമ്മിറ്റി നേതാവ് മഹേഷ് തിമരോടിക്കെതിരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം അദ്ദേഹത്തിലേക്കും ആക്ഷൻ കമ്മിറ്റിയിലേക്കും നീങ്ങുന്നു. തലയോട്ടി നൽകിയത് മഹേഷ് തിമരോടിയാണെന്ന് പരാതിക്കാരനായ ശുചീകരണത്തൊഴിലാളി പൊലീസിന് മൊഴി നൽകി.
കേസിലെ പ്രധാന വഴിത്തിരിവുകൾ:
ശുചീകരണ തൊഴിലാളിയുടെ മൊഴി: കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ശുചീകരണ തൊഴിലാളി തനിക്കെതിരെ ഉയർന്നിരുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിലപാട് മാറ്റി. തനിക്ക് തലയോട്ടി നൽകിയത് മഹേഷ് തിമരോടിയാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇത് തിമറോഡിയുടെ തോട്ടത്തിൽ നിന്ന് എടുത്തതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ഫോറൻസിക് പരിശോധന: തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചു. തിമറോഡിയുടെ തോട്ടത്തിലെ മണ്ണുമായി ഇത് ഒത്തുനോക്കും. ഈ റിപ്പോർട്ട് നിർണായകമാകും.
മറ്റൊരു പരാതി: കേസിലെ മറ്റൊരു പ്രധാന പരാതിക്കാരിയായ അനന്യ ഭട്ടിന്റെ അമ്മയാണെന്ന് അവകാശപ്പെട്ടിരുന്ന സുജാത ഭട്ടിനെ പോലീസ് ചോദ്യം ചെയ്തു. ധർമ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെത്തുടർന്ന് ചിലരുടെ പിന്തുണയോടെയാണ് താൻ വ്യാജ പരാതി നൽകിയതെന്ന് ഇവർ സമ്മതിച്ചതായാണ് വിവരം.
ദക്ഷിണ കന്നഡയിലെ മുൻ ബി.ജെ.പി. നേതാവും ജനകീയ പിന്തുണയുള്ള തീവ്ര നിലപാടുകാരനുമായ മഹേഷ് തിമരോടിയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് നിലവിൽ തിടുക്കം കാണിക്കുന്നില്ല. ശക്തമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് എസ്.ഐ.ടി.യുടെ നിലപാട്.