രാഷ്ട്രീയ നേതാക്കള്‍ 75 വയസുപിന്നിടുമ്പോള്‍ സ്ഥാനമൊഴിയണമെന്ന പ്രസ്താവന തിരുത്തി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സംഘടന ആവശ്യപ്പെടുന്നത്രയും കാലം നരേന്ദ്രമോദിയും താനും സ്ഥാനത്തു തുടരുമെന്നും പ്രഖ്യാപനം. ബി.ജെ.പി. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ ആര്‍.എസ്.എസ്. ഇടപെടില്ല. ജനസംഖ്യമാറ്റത്തിന് കാരണം മതപരിവര്‍ത്തനമെന്നും മോഹന്‍ ഭാഗവത്. ആര്‍.എസ്.എസ്. നൂറാംവാര്‍ഷകത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ഏറെക്കാലമായി ഉയരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം വ്യക്തമായി മറുപടി നല്‍കി മോഹന്‍ ഭാഗവത്. 75 വയസുകഴിഞ്ഞാല്‍ വിരമിക്കണം എന്ന മുന്‍ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിന് സംശയത്തിന് ഇടയില്ലാത്ത മറുപടി.
ബി.ജെ.പിയുടെ കാര്യങ്ങള്‍ ആര്‍.എസ്.എസ്. തീരുമാനമെടുക്കാറില്ല. ഉപദേശം നല്‍കുക മാത്രമാണ് ചുമതല. ബി.ജെ.പി. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ആര്‍.എസ്.എസ് ആണെങ്കില്‍ ഇത്രയും വൈകില്ലായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും തമ്മില്‍ ഒരു ഭിന്നതയും ഇല്ലെന്നും മോഹന്‍ ഭാഗവത്
ജനസംഖ്യയില്‍ മാറ്റംവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. മതപരിവര്‍ത്തനമാണ് ജനസംഖ്യാമാറ്റത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. അനധികൃത കുടിയേറ്റം അനുവദിക്കരുതെന്നും ബംഗ്ലദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റ ആരോപണം സൂചിപ്പിച്ച് മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദു കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണമെന്നും ആര്‍.എസ്.എസ്. മേധാവി.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. വിവിധ വിഭാഗങ്ങളുടെ ഫെഡറേഷനല്ല. എന്നാല്‍ മുസ്‌ലിംകളും ഇവിടെ നിലനില്‍ക്കും. വിദേശി ഭാഷയൊഴികെ എല്ലാം രാഷ്ട്രഭാഷയാണ്. ഭാഷയെന്ന നിലയ്ക്ക് ഇംഗ്ലീഷ് പഠിക്കുന്നതില്‍ തെറ്റില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നൂറാം വാര്‍ഷികം പ്രമാണിച്ച് രണ്ടുദിവസത്തെ പ്രഭാഷണ പരമ്പരയ്ക്ക് ഒടുവിലായിരുന്നു വാര്‍ത്താസമ്മേളനം.