മോദിയെയും അമിത് ഷായെയും കടന്നാക്രമിച്ച് ഇന്ത്യ സഖ്യത്തിന്റെ ബീഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര. പ്രിയങ്ക ഗാന്ധിയും രേവന്ത് റെഡിയും യാത്രയില്‍ പങ്കെടുത്തു. സുപോളിൽ നിന്ന് ദർഭംഗയിലേക്കുള്ള പത്താം ദിനത്തിലെ വോട്ടര്‍ അധികാര്‍ യാത്ര ജനസാഗരത്തിന്റെ പ്രതിഷേധമായി.
പ്രിയങ്ക ഗാന്ധിയും രേവന്ത് റെഡിയും എത്തിയതോടെ റോഡിന്റെ ഇരുവശത്തും ജനം തിങ്ങിനിറഞ്ഞു. മധുബനിയിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രിയോടും അമിത് ഷായോടും വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി എവിടെ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. 40 വര്ഷം ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലായില്ലെ എന്നും രാഹുലിന്റെ വിമര്‍ശനം.
ബീഹാർ സർക്കാരും ബിജെപിയും വോട്ട് കൊള്ളയിലൂടെ അധികാരത്തിൽ തുടരാൻ ഗൂഢാലോചന നടത്തുന്നു എന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ദരിദ്രരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും വോട്ടവകാശം തട്ടിയെടുക്കുകയാണെന്നും ഇതിനെ പൊരുതി തോൽപ്പിക്കും പ്രിയങ്ക ഗാന്ധി. മോദിയും അമിത് ഷായുമാണ് നിതീഷ് സർക്കാരിനെ നിയന്ത്രിക്കുന്നത് എന്നും ഗുജറാത്തികളെ ബീഹാറിലെ വോട്ടര്‍മാരെ നിശ്ചയിക്കാന്‍ അനുവദിക്കില്ലെന്നും തേജസ്വി യാദവ് പറഞ്ഞു... എം.കെ.സ്റ്റാലിൻ, സിദ്ധരാമയ്യ , അഖിലേഷ് യാദവ്. ഹേമന്ത് സോറൻ , സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും വരുംദിവസങ്ങളിൽ യാത്രയുടെ ഭാഗമാകും.