ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറായി മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മിന്നൽ പ്രളയത്തിലും വീട് തകർന്നുമാണ് മരണങ്ങൾ സംഭവിച്ചത്.
15 വീടുകൾ പൂർണ്ണമായി തകർന്നു. മേഖലയിലെ നിരവധി റോഡുകൾ മണ്ണിടിച്ചിലിൽ തകർന്നു. മധുകരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. ചിനാബ്, തവി നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ദുരന്തബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
അതിനിടെ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയഭീതിയെ തുടർന്ന് പാക്കിസ്താനിലെ ചിനാബ്, രവി, സത്‌ലജ് നദികളുടെ തീരത്തുനിന്ന് 24,000 പേരെ മാറ്റിപ്പാർപ്പിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.