മഹാരാഷ്ട്രയിൽ തുടർച്ചയായി മൂന്നാം ദിവസവും പെയ്തിറങ്ങിയ കനത്ത മഴയിൽ 13 മരണം. മുംബൈ ഉൾപ്പെടെ അഞ്ചു ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും, അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ റോഡ് ട്രെയിൻ വ്യോമ ഗതാഗതത്തെ രൂക്ഷമായി ബാധിച്ചു. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വൈകിയാണ് യാത്ര ആരംഭിച്ചത്. പല ട്രെയിനുകളും റദ്ദു ചെയ്തു. കേരളത്തിൽ നിന്നും പുറപ്പെട്ട പല ട്രെയിനുകളും വൈകിയാണ് ഓടുന്നത് .അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 40 മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്. മുംബൈ അഹമ്മദാബാദ് ദേശീയപാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മുംബൈ, പാൽഘർ, താനെ, റായ്ഗഡ്, രത്നഗിരി പൂനെ ജില്ലകളിൽ ഇന്നും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയാണ്. താനെ, പാൽക്കർ ജില്ലകളിലെ 1100 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തീരദേശത്തും കടലാക്രമണം രൂക്ഷമാണ്. സംസ്ഥാനത്ത് 10 ലക്ഷം ഹെക്ടർ കൃഷിഭൂമിയാണ് നശിച്ചതെന്ന് ഉപമുഖ്യമന്ത്രി അജിത് പവർ വ്യക്തമാക്കി. അതിനിടെ, ചെംബൂരിനും ഭക്തി പാർക്കിനുമിടയിൽ മോണോ റെയിൽ തകരാറിലായതിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ട്രെയിനിനുള്ളിൽ രണ്ടര മണിക്കൂർ കുടുങ്ങിയ 535 യാത്രക്കാരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.