ആശുപത്രിയിലെ ശുചിമുറിയില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഞായറാഴ്ചയാണ് സംഭവം. ആത്മഹ്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചാന്ദിനി (21) എന്ന നഴ്സിനെയാണ് അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ബിഹാറിലെ സിവാന്‍ സ്വദേശിനിയാണ് മരിച്ച ചാന്ദിനി. കഴിഞ്ഞ മാസമാണ് ഇവര്‍ കാണ്‍പുരിലെ ലജ്പത്ത് നഗറിലുള്ള ആശുപത്രിയില്‍ ജോലിക്കെത്തിയത്. ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ചാന്ദിനിക്ക്. പിറ്റേദിവസം രാവിലെ ഡ്യൂട്ടിക്കെത്തിയ നഴ്സാണ് ചാന്ദിനിയെ കാണിനില്ലെന്ന് മറ്റ് സഹപ്രവര്‍ത്തകരെ അറിയിച്ചത്. എല്ലാവരും കൂടി നടത്തിയ തെരച്ചിലില്‍ മൃതദേഹം ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ആശുപത്രിയുടെ മൂന്നാം നിലയിലുള്ള ഒരു പ്രൈവറ്റ് റൂമിലെ ശുചിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയുടെ കതക് അടഞ്ഞുകിടക്കുന്നത് കണ്ട സഹപ്രവര്‍ത്തകര്‍ വാതിലില്‍ മുട്ടി നോക്കിയെങ്കിലും ആരും തുറന്നില്ല. ഇതോടെ വാതില്‍ തല്ലിപ്പൊളിച്ചാണ് അകത്ത് കടന്നത്. ശുചിമുറിയിലെ തറയില്‍ കിടക്കുകയായിരുന്നു മൃതദേഹം. തൊട്ടടുത്തായി ചില മരുന്നുകളും കുത്തിവയ്ക്കാനുള്ള സിറിഞ്ചുമടക്കം കിടപ്പുണ്ടായിരുന്നു. മരുന്ന് ഓവര്‍ഡോസായി കുത്തിവച്ചാകാം നഴ്സ് മരിച്ചതെന്ന് പൊലീസ് പറയുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)