തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം ശക്തമാക്കി 'ഇന്ത്യ' സഖ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ലോക്സഭാ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേത്തുടർന്ന് സഭയിലെ ചോദ്യോത്തരവേള നിർത്തിവയ്‌ക്കേണ്ടി വന്നു.
വോട്ട് കൊള്ള ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം സൃഷ്ടിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് നൽകാനും 'ഇന്ത്യ' സഖ്യം തീരുമാനിച്ചു. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഈ നിർണായക തീരുമാനം.
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടിക്രമങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യാനും വേണ്ടത്. ഇതിന് പാർലമെന്റിൽ കുറ്റവിചാരണ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. സർക്കാരിന്റെ പൂർണ്ണ പിന്തുണ കമ്മിഷണർക്കുള്ളതിനാൽ ഈ നീക്കം വിജയിക്കാനുള്ള സാധ്യത കുറവാണെങ്കിലും, പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.