Image Credit: Social Media
യൂട്യൂബറും ബിഗ് ബോസ് ഒടിടി ജേതാവുമായ എല്‍വിഷ് യാദവിന്‍റെ വീടിനുനേരെ വെടിവയ്പ്പ്. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമിലെ വീടിനുനേരെയാണ് മൂന്നുപേരുള്‍പ്പെട്ട സംഘം ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ അക്രമികള്‍ താഴത്തെ നിലയിലേക്കും ഒന്നാം നിലയിലേക്കും തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയ്ക്കും ആറുമണിക്കും ഇടയിലായിരുന്നു ആക്രമണം. എല്‍വിഷിന്‍റെ കുടുംബാംഗങ്ങളും കെയര്‍ടേക്കറും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്തംവിട്ട് നില്‍ക്കുന്നതിനിടെ കുപ്രസിദ്ധ ഗൂണ്ടാസംഘം ഹിമാന്‍ഷു ഭാവു ഗാങ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്സ്ബുക് പോസ്റ്റിട്ടു. എല്‍വിഷ് വാതുവയ്പ്പും ചൂതുകളിയും പ്രോല്‍സാഹിപ്പിക്കുന്നതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഘാംഗമായ റാവു ഇന്ദര്‍ജീത് സിങ് പോസ്റ്റില്‍ ന്യായീകരിച്ചു. നീരജ് ഫരീദ്‌പുര്‍, ഭാവു റിതോലിയ എന്നിവരാണ് ആക്രമണം നടത്തിയതെന്നും ഇന്ദര്‍ജീത് സിങ് വെളിപ്പെടുത്തി.
25–30 തവണയെങ്കിലും വെടിയൊച്ച കേട്ടെന്ന് വീട്ടിലുണ്ടായിരുന്ന എല്‍വിഷിന്‍റെ അച്ഛന്‍ രാംഅവതാര്‍ യാദവ് പറഞ്ഞു. ‘ഞാന്‍ ഉറങ്ങുകയായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വൈകാതെ വെടിവയ്പാണെന്ന് മനസിലായി. സുരക്ഷിതമെന്ന് തോന്നിയ സ്ഥലത്ത് മറഞ്ഞിരുന്നു. അക്രമികള്‍ ഒട്ടേറെത്തവണ വെടിവച്ചു. മൂന്നുപേരെ കണ്ടു. രണ്ടുപേര്‍ ഗേറ്റിന് മുന്നില്‍ നിന്നാണ് വെടിവച്ചത്.’ എല്‍വിഷ് ചൂതാട്ടം പ്രോല്‍സാഹിപ്പിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും ഇതുവരെ ഭീഷണിയൊന്നും ഉണ്ടായിട്ടില്ലെന്നും രാം അവതാര്‍ യാദവ് പറഞ്ഞു.
പൊലീസ് ആക്രമണം നടന്ന സ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കുടുംബം പരാതി നല്‍കിയശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വീട്ടിലെയും സമീപറോഡുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ‘ചൂതാട്ടം പ്രോല്‍സാഹിപ്പിക്കുന്നവര്‍ വെടിയുണ്ടയേല്‍ക്കാന്‍ തയാറായിക്കൊള്ളൂ’ എന്നാണ് ഗൂണ്ടാസംഘത്തിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. രണ്ട് തോക്കുകളുടെ ചിത്രവും ഒപ്പമുണ്ട്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിവാദങ്ങളുടെ കൂട്ടുകാരനാണ് യൂട്യൂബര്‍ എല്‍വിഷ് യാദവ്. ഈയിടെ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. പാമ്പിന്‍വിഷം ലഹരിയായി ഉപയോഗിച്ചുവെന്നാണ് അന്ന് പൊലീസ് കണ്ടെത്തിയത്. പണം തിരിമറിക്കേസിലും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും എല്‍വിഷ് ഇഡി അന്വേഷണവും നേരിടുന്നുണ്ട്.