narendra-modi-red-fort-speech

ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കാരം ഉറപ്പുനല്‍കി പ്രധാനമന്ത്രി. ദീപാവലിക്ക് അടുത്ത തലമുറ ജി.എസ്.ടി പരിഷ്കാരം നടപ്പിലാക്കുമെന്നും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന എന്ന് പേരില്‍ യുവാക്കള്‍ക്കായി ഒരുലക്ഷംകോടിയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയില്‍ ആദ്യം തൊഴില്‍ലഭിക്കുന്നവര്‍ക്ക് 15,000രൂപ നല്‍കുന്നതാണ് പദ്ധതി. 3.5കോടി യുവാക്കള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി ഇന്നു മുതല്‍ പ്രാബല്യത്തിലായി. ബജറ്റില്‍ ആദായ നികുതി കുറച്ചതിനെ പറ്റി മോദി എടുത്തുപറഞ്ഞു. സ്വപ്നം കാണാത്ത ഇളവ് സാധാരണക്കാര്‍ക്ക് ആശ്വാസമായെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സമൃദ്ധ ഭാരത് എന്നതായിരിക്കണം മുദ്രാവാക്യമെന്നും മോദി പറഞ്ഞു.

ശുഭാംശു ശുക്ലയുടെ യാത്ര പ്രചോദനമായെന്നും സ്വന്തമായി ബഹിരാകാശകേന്ദ്രം സ്ഥാപിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തിന് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോം വേണമെന്നും ഇതിനായി പ്രവര്‍ത്തിക്കാണമെന്നും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു.

സ്വയംപര്യാപ്തമാവുകയാണ് രാജ്യതാല്പര്യം സംരക്ഷിക്കാനുള്ള വഴിയെന്നും മോദി പറഞ്ഞു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്ന് പറഞ്ഞ പ്രധാനമന്ത്രി അഭിസംബോധനയില്‍ യു.എസ് തീരുവയെ പരോക്ഷമായി സൂചിപ്പിച്ചു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്നും ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.

'രാജ്യത്തിന്‍റെ ആത്മനിര്‍ഭരത ഓപ്പറേഷന്‍ സിന്ദൂരില്‍ കണ്ടു. ശത്രുവിനെ തകര്‍ത്തത് രാജ്യത്തിന്‍റെ സ്വന്തം ആയുധങ്ങള്‍ ഉപയോഗിച്ചാണ്. സെമികണ്ടക്റ്റര്‍ രംഗത്ത് വളരാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ ഉണ്ടാകും. ഊര്‍ജരംഗത്തും സ്വയംപര്യാപ്തമാവുകയാണ് ഇന്ത്യ. ഹൈഡ്രജന്‍ എനര്‍ജിക്കായി ശതകോടികള്‍ ചെലവഴിക്കുന്നുന്നു. ആണവോര്‍ജ രംഗത്തും വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. 2030 ആവുമ്പോഴേക്കും 50 ശതമാനം ക്ലീന്‍ എന്‍ര്‍ജി ലക്ഷ്യം' എന്നും മോദി പറഞ്ഞു.

ഏഴരയോടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത്. ഇതിന് മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ‘വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാവട്ടെ’ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. പ്രതിരോധ മന്ത്രിയും കേന്ദ്രമന്ത്രിമാരും സൈനിക മേധാവികളും ചെങ്കോട്ടയിലെ ചടങ്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളില്‍നിന്നായി അയ്യായിരം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിനുണ്ട്.

ENGLISH SUMMARY:

GST reform is confirmed as a Diwali gift by the Prime Minister. The next-generation GST reform will be implemented by Diwali, bringing relief to traders and consumers, the Prime Minister said while addressing the nation.