narendra-modi-rss

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍.എസ്.എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി. 100 വര്‍ഷം മുന്‍പ് രൂപംകൊണ്ട ആര്‍.എസ്.എസ് ലോകത്തെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണെന്നും ഒരു നൂറ്റാണ്ടായി നമ്മളെ പ്രചോദിപ്പിക്കുന്നു എന്നുമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. രാജ്യത്ത് ഒട്ടേറെ ഭാഷകളുണ്ടെന്നും എല്ലാ ഭാഷകളിലും അഭിമാനിക്കണമെന്നും പറഞ്ഞ മോദി വൈവിധ്യമാണ് രാജ്യത്തിന്‍റെ കരുത്തും അഭിമാനവുമെന്നും പറഞ്ഞു. മോദിയുടെ ആര്‍.എസ്.എസ് പരമാര്‍ശത്തെ സി.പി.എം വിമര്‍ശിച്ചു. പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും നിരോധിക്കപ്പെട്ട വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് സി.പി.എം വിമര്‍ശനം. 

ശത്രുക്കളെ ഇല്ലാതാക്കാന്‍ മിഷന്‍ സുദര്‍ശന്‍ ചക്ര  എന്ന പേരില്‍ പുതിയ പദ്ധതിയും പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സ്വയരക്ഷയ്ക്കും തിരിച്ചടിക്കുമുള്ള ആയുധ സംവിധാനമാണ് മിഷന്‍ സുദര്‍ശന്‍ ചക്രയിലൂടെ ലക്ഷ്യമിടുന്നത്. പൂര്‍ണമായും രാജ്യത്ത് നിര്‍മിക്കുന്ന ആയുധ സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പരിശ്രമിക്കുന്നവര്‍ ചരിത്രമെഴുതുമെന്നും 2047 ല്‍ വികസിത ഭാരതം യാഥാര്‍ഥ്യമാക്കുമെന്നും പ്രവര്‍ത്തിക്കാന്‍ ഇതാണ് ശരിയായ സമയമെന്നും മോദി പറഞ്ഞു. 

ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കാരം ഉറപ്പുനല്‍കി പ്രധാനമന്ത്രി. ദീപാവലിക്ക് അടുത്ത തലമുറ ജി.എസ്.ടി പരിഷ്കാരം നടപ്പിലാക്കുമെന്നും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന എന്ന് പേരില്‍ യുവാക്കള്‍ക്കായി ഒരുലക്ഷംകോടിയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയില്‍ ആദ്യം തൊഴില്‍ലഭിക്കുന്നവര്‍ക്ക് 15,000രൂപ നല്‍കുന്നതാണ് പദ്ധതി. 3.5കോടി യുവാക്കള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി ഇന്നു മുതല്‍ പ്രാബല്യത്തിലായി. ബജറ്റില്‍ ആദായ നികുതി കുറച്ചതിനെ പറ്റി മോദി എടുത്തുപറഞ്ഞു. സ്വപ്നം കാണാത്ത ഇളവ് സാധാരണക്കാര്‍ക്ക് ആശ്വാസമായെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സമൃദ്ധ ഭാരത് എന്നതായിരിക്കണം മുദ്രാവാക്യമെന്നും മോദി പറഞ്ഞു.

ശുഭാംശു ശുക്ലയുടെ യാത്ര പ്രചോദനമായെന്നും സ്വന്തമായി ബഹിരാകാശകേന്ദ്രം സ്ഥാപിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തിന് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോം വേണമെന്നും ഇതിനായി പ്രവര്‍ത്തിക്കാണമെന്നും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു.

ENGLISH SUMMARY:

Narendra Modi's Independence Day speech praised the RSS and outlined future development plans. The Prime Minister announced new schemes for youth employment and assured GST reforms as a Diwali gift.