മേഘവിസ്ഫോടനത്തില്‍ ഇരുന്നൂറോളം പേരെ കാണാതായ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുന്നു. 60 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 42 മൃതദേഹങ്ങള്‍ കണ്ടെത്തി. കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയ മുന്നറിയിപ്പുണ്ട്. അഞ്ച് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന മഴയാണ് ഡല്‍ഹിയില്‍ ലഭിക്കുന്നത്.

മിന്നല്‍ പ്രളയത്തില്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ് കിഷ്ത്വാറിലെ ചഷോത്തി ഗ്രാമം. മചൈല്‍ മാതാ ക്ഷേത്ര പാതയില്‍ മണ്ണും ചെളിയും മരങ്ങളും വന്നടിഞ്ഞതിനാലും തണുപ്പും മഴയും തുടരുന്നതിനാലും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുമായി സംസാരിച്ചു. സൈന്യം, പൊലീസ്, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. നേരത്തെ മണ്ണിടിച്ചിലുണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മഴ മൂലം തിരച്ചിൽ തടസ്സപ്പെട്ടു. 

ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ്. 350ലധികം വിമാന സര്‍വീസുകളെ മഴ ബാധിച്ചു. പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുണ്ട്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ENGLISH SUMMARY:

Kishtwar cloudburst has made rescue operations difficult in Jammu and Kashmir, where around two hundred people are missing. Heavy rains continue in Himachal Pradesh and Uttarakhand, with flood warnings in place.