TOPICS COVERED

ട്രെയിനില്‍വെച്ച് മദ്യവും ലഹരിവസ്തുക്കളുമൊക്കെ പിടികൂടുന്നത്  സാധരണമെങ്കിലും ഇവ  കടത്താന്‍ ചിലര്‍  പയറ്റുന്ന  രീതികള്‍  അവിശ്വസനീയമാണ്. അത്തരത്തില്‍ ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നടന്നത്.  ലക്‌നൗ ജംഗ്ഷൻ–ബറൗണി എക്‌സ്പ്രസിലാണ് സംഭവം. 

ട്രെയിന്‍ ഉത്തർപ്രദേശില്‍ എത്തിയപ്പോള്‍ എസി-2 ടയർ കോച്ചിൽ തണുപ്പ് കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഈ പരാതി പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത് ആയിരുന്നു. റെയിൽവേ ടെക്‌നീഷ്യൻ എസി ഡക്‌ട് തുറന്നുനോക്കിയപ്പോള്‍  316 വിസ്കി കുപ്പികളാണ് കണ്ടെത്തിയത്. 256 ഓഫിസേഴ്സ് ചോയിസും  60 ആഫ്റ്റർ ഡാർക്ക് ബ്ലൂ വിസ്കി കുപ്പികളുമാണ് കണ്ടെടുത്തത്. 180 മില്ലിയുടെ കുപ്പികളിലായി ഏകദേശം 57 ലിറ്ററോളം മദ്യമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച നടന്ന ഈ സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മദ്യം കടത്താൻ ശ്രമിച്ചതിന് കോച്ച് അറ്റൻഡന്റായ ആഷിഷ് കുമാറിനെ അറസ്റ്റ് ചെയ്തു. മദ്യനിരോധിത സംസ്ഥാനമായ ബിഹാറിലേക്ക് മദ്യം കടത്താനാണ് ഇയാൾ ശ്രമിച്ചത്. ട്രെയിനിലെ A2 കോച്ചിന്റെ ആറാം നിരയിലെ ഡക്‌ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 32, 34 ബെർത്തുകൾക്ക് മുകളിലായുള്ള ഭാഗത്ത് പേപ്പർ ഷീറ്റുകളിൽ പൊതിഞ്ഞ കുപ്പികളാല്‍ വായുസഞ്ചാരം തടസപ്പെട്ടിരുന്നു. ഇതാണ് എസിയുടെ തണുപ്പ് കുറയാന്‍ കാരണമായത്. 

ഉത്തർപ്രദേശിൽ നിന്ന് ബിഹാറിലേക്ക് സ്ഥിരമായി മദ്യം കടത്താറുണ്ടെന്ന് ആഷിഷ് സമ്മതിച്ചു. നിരോധനം കാരണം കരിഞ്ചന്തയിൽ ഇരട്ടിവിലയ്ക്ക് മദ്യം വിൽക്കാനാണ് മദ്യം കടത്തുന്നത്. മദ്യം കണ്ടെത്താതിരിക്കാനാണ് എസി ഡക്‌ടിൽ ഒളിപ്പിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.

ENGLISH SUMMARY:

Train liquor smuggling refers to incidents where alcoholic beverages are illegally transported on trains. This incident in Uttar Pradesh highlights the creative and often unbelievable methods used to smuggle liquor, particularly into states with alcohol bans like Bihar, to exploit the high black market prices.