വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിന്‍റെ പിന്നില്‍ വച്ചുകെട്ടി യാത്രചെയ്ത് ഭര്‍ത്താവ്. സഹായത്തിനായി കേണിട്ടും ആരും വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. മറ്റൊരു മാര്‍ഗവുമില്ലാതെ താന്‍ ഭാര്യയുടെ മൃതദേഹം ബൈക്കിലിരുത്തി തന്‍റെ ശരീരത്തോട് ചേര്‍ത്തുകെട്ടി കൊണ്ടുപോകുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. നാഗ്പുര്‍– ജബല്‍പുര്‍ നാഷണല്‍ ഹൈവേയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ട്രക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.
ഗ്യാര്‍ഷി (35) എന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അമിത് യാദവ് (36) പരുക്കുകളോടെ രക്ഷപ്പെട്ടു. രക്ഷാബന്ധന്‍ ആഘോഷിക്കാനായി നാഗ്പുരില്‍ നിന്ന് മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്ക് യാത്രതിരിച്ചതായിരുന്നു ഇവര്‍. കനത്ത മഴയും ഗതാഗത കുരുക്കുമായിരുന്നു വഴിനീളെ. ഇതിനിടെയാണ് പാഞ്ഞെത്തിയ ട്രക്ക് ഇവരുടെ ബൈക്കിലിടിച്ചത്. ഡിയോലാപറിനു സമീപം ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
അപകടം നടന്ന് മിനിറ്റുകള്‍ക്കകം ഗ്യാര്‍ഷി മരണപ്പെട്ടു. സഹായമഭ്യര്‍ഥിച്ച് റോഡിലൂടെ ചീറിപ്പാഞ്ഞെത്തിയ വാഹനങ്ങള്‍ക്കെല്ലാം അമിത് കൈ കാണിച്ചുവെങ്കിലും ആരും വാഹനം നിര്‍ത്തിയില്ല. ഇതോടെയാണ് അപകടത്തില്‍പെട്ട തന്‍റെ ബൈക്കെടുത്ത് ഭാര്യയെ അതിലിരുത്തി അമിത് നാട്ടിലേക്ക് തിരിച്ചത്. തന്‍റെ ശരീരത്തോട് ഗ്യാര്‍ഷിയുടെ ശരീരം ചേര്‍ത്തുകെട്ടിയാണ് അമിത് ബൈക്കിലിരുന്നത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടവിവരമറിഞ്ഞ് പൊലീസ് അപകടം നടന്ന സ്ഥലത്തെത്തുമ്പോഴേക്കും അമിത് ഗ്യാര്‍ഷിയുമായി പോയിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക് ഖുമാരി ടോള്‍ പ്ലാസയില്‍ വച്ച് ബൈക്കിനു പിന്നില്‍ ചോരയില്‍ കുതിര്‍ന്ന മൃതദേഹവുമായെത്തിയ അമിതിനെ പൊലീസ് തടഞ്ഞുവെങ്കിലും അയാള്‍ വാഹനം നിര്‍ത്താതെ പോയി. പിന്നാലെ ഹൈവേ പൊലീസും നാഗ്പുര്‍ ലോക്കല്‍– സിറ്റി പൊലീസും സംയുക്തമായി ചേര്‍ന്ന് അമിതിനെ മറ്റൊരിടത്തുവച്ച് തടഞ്ഞുനിര്‍ത്തി. തന്‍റെ വീട്ടിലേക്ക് ഗ്യാര്‍ഷിയുടെ മൃതദേഹം കൊണ്ടുപോകുകയാണെന്ന് അമിത് പൊലീസുകാരോട് പറഞ്ഞു. സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച പൊലീസ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്ന് മാധ്യമങ്ങളെ അറിയിച്ചു.