മധ്യപ്രദേശിലെ ജബൽപൂരിൽ വൻ ബാങ്ക് കൊള്ള. ഖിറ്റോളയിലെ ഇസാഫ് ബാങ്കിൽനിന്ന് 14 കോടി രൂപ വിലമതിക്കുന്ന 14 കിലോ സ്വർണവും 5 ലക്ഷം രൂപയും കവർന്നു.  തോക്കുമായെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി മിനിറ്റുകള്‍ക്കകമാണ് വന്‍കവര്‍ച്ച നടത്തിയത്. സിസിടിവി ദ്യശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം തുടങ്ങി.

ഖിറ്റോളയിലെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് രാവിലെ 8.50ന് ഹെല്‍മെറ്റ് ധരിച്ചെത്തിയ അഞ്ചുപേര്‍. ഒരാളുടെ അരയില്‍ തോക്ക്.  ജീവനക്കാരെ ഭീഷണിപ്പെടുത്തി 18 മിനുറ്റില്‍ വന്‍ കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ച 14 കോടിയിലധികം വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വർണ്ണവും അഞ്ചു ലക്ഷം രൂപയുമാണ് കവർന്നത്.  ഉല്‍സവ സീസണായതിനാല്‍ ഇന്നലെ രാവിലെ പതിവിലും നേരത്തെ ബാങ്ക് തുറന്നിരുന്നു. തൊട്ടുപിന്നാലെയായിരുന്നു രണ്ട് ബൈക്കുകളിലായെത്തിയ സംഘത്തിന്‍റെ കൊള്ള. ഈ സമയം ആറു ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.  സുരക്ഷാ ജീവനക്കാരൻ ഇല്ലായിരുന്നു.  

കവര്‍ച്ച നടന്ന് 45 മിനിറ്റിനുശേഷമാണ് ബാങ്ക് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചത്.  കൃത്യസമയത്ത് അറിയിച്ചിരുന്നെങ്കിൽ കൊള്ളക്കാരെ പിടിക്കാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവിധ സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായി സമീപജില്ലകളിലുള്‍പ്പെടെ അന്വേഷണത്തിലാണ് പൊലീസ്. വിവരമറിയിക്കാന്‍ വൈകിയതിനെക്കുറിച്ചും  അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Bank robbery occurred in Jabalpur, Madhya Pradesh. Approximately 14 kg of gold and 5 lakh rupees were stolen from an ESAF Bank, with police investigating the incident.