പ്രതിപക്ഷ പ്രതിഷേധത്തിനിടെ 30 ഇന്ത്യ സഖ്യ എംപിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് അംഗീകരിക്കില്ലെന്നും എല്ലാ എംപിമാർക്കും അനുമതി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പാർട്ടി വാക്കുമാറിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാനാണ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അനുമതി തേടിയത്. ഇന്ന് 11.30-ന് പ്രതിഷേധമാർച്ച് നടക്കുമെന്നിരിക്കെ 12 മണിക്ക് കൂടിക്കാഴ്ച നടത്താനാണ് കമ്മിഷൻ സമയം അനുവദിച്ചത്.
സ്ഥലപരിമിതി കാരണം 30 എംപിമാരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നും ജയ്റാം രമേശിന് നൽകിയ മറുപടിയിൽ കമ്മിഷൻ വ്യക്തമാക്കി. എല്ലാ എംപിമാർക്കും അനുമതി നൽകണമെന്നും കമ്മിഷൻ എന്തിനാണ് ഭയക്കുന്നതെന്നും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
നിർദേശം അംഗീകരിക്കില്ലെന്ന് കെ.സി.വേണുഗോപാലും പറഞ്ഞു. 30 പേരെയെങ്കിലും കാണാൻ സമ്മതിച്ചത് പ്രതിഷേധത്തിൻ്റെ വിജയം എന്നായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ്റെ പ്രതികരണം. അതേസമയം 30 പേരെ കാണാമെന്ന നിർദേശം ജയ്റാം രമേശ് ഇന്നലെ അംഗീകരിച്ചതാണെന്നും ഇന്ന് വാക്കുമാറിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.