എ.ഐ നിര്‍മ്മിച്ച ചിത്രം
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്റെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതാണ് ഇതിന് കാരണം. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം വഴിതിരിച്ചുവിടുകയായിരുന്നു.
ഏകദേശം വൈകുന്നേരം 7:45-ഓടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ AI 2455 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. റഡാർ സംവിധാനത്തിലെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണം. ഇന്ധനം പൂർണ്ണമായി ഉണ്ടായിരുന്നതിനാൽ, ആദ്യഘട്ടത്തിൽ ലാൻഡിങ് ശ്രമം ഉപേക്ഷിക്കുകയും, ഇന്ധനം തീർക്കുന്നതിനായി വിമാനം അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്ത ശേഷം രാത്രി 10:45-ഓടെ ചെന്നൈയിൽ സുരക്ഷിതമായി ഇറക്കി.
വിമാനത്തിൽ എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ എന്നിവരടക്കം 4 എംപിമാർ യാത്രക്കാരായി ഉണ്ടായിരുന്നു. അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.