ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. കുല്‍ഗാമിലെ ഏറ്റുമുട്ടല്‍ ഒന്‍പതാം ദിനവും തുടരുകയാണ്.
ചിനാര്‍ കോര്‍പ്സിന്‍റെ ഭാഗമായ ലാന്‍സ് നായിക് പ്രീത്പല്‍ സിങ്, ശിപ്പായി ഹര്‍മീന്ദര്‍ സിങ് എന്നീ സൈനികരാണ് വീരമൃത്യുവരിച്ചത്. കശ്മീര്‍ താഴ്‍വരയിലെ സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യത്തിനിടെയാണ് സൈനികരുടെ ജീവത്യാഗം. ഓപ്പറേഷന്‍ അഖല്‍ എന്ന് പേരിട്ട സൈനിക ദൗത്യം തുടങ്ങിയിട്ട് ഒന്‍പതാം ദിനമാണിന്ന്.
രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. ഇതോടെ ഓഗസ്റ്റ് ഒന്നിന് തുടങ്ങിയ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. ഇതുവരെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. കൂടുതല്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചാണ് സൈനിക ദൗത്യം പുരോഗമിക്കുന്നത്. നിബിഡ വനമേഖലയും മലയിടുക്കുകളുമുള്ള പ്രദേശം ഭീകരര്‍ക്ക് ഒളിവില്‍ കഴിയാന്‍ അനുയോജ്യമാണ്.