റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് 50 ശതമാനം തീരുവയുമായി ഇന്ത്യയ്ക്ക് പിഴയിട്ട ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം സാധാരണക്കാരുടെ മനസില്‍ തീ കോരിയിടുകയാണ്. കുറഞ്ഞ വിലയുള്ള ക്രൂഡ് ഓയില്‍ കിട്ടിയില്ലെങ്കില്‍ ഇന്ത്യ എന്തു ചെയ്യും, പെട്രോള്‍ – ഡീസല്‍ വില കൂട്ടുമോ. യുക്രെയ്നില്‍ സമാധാന ഉടമ്പടിക്ക് റഷ്യ തയ്യാറായാല്‍ മാത്രമേ ട്രംപ് അടങ്ങൂ. ഇല്ലെങ്കില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാതിരിക്കണം.
2022-ൽ യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് റഷ്യയ്ക്ക് മേല്‍ ഉപരോധം വന്നതോടെയാണ് ഇന്ത്യയുടെ ഭാഗ്യം തെളിഞ്ഞത്. കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങി റഷ്യയുടെ മുഖ്യ ഉപഭോക്താവായി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 137 ഡോളർ വരെ കുതിച്ചുയർന്ന ഘട്ടത്തിലാണ് റഷ്യന്‍ എണ്ണ ഇന്ത്യൻ റിഫൈനറികളുടെ ടാങ്ക് നിറച്ചുതുടങ്ങിയത് അതേസമയം ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കിയതുമില്ല. കഴിഞ്ഞ ഏപ്രിലില്‍ എക്സൈസ് തീരുവ ലീറ്ററിന് രണ്ടുരൂപ കൂട്ടുകയും ചെയ്തു. എണ്ണവില 70 ഡോളര്‍ വരെ കുറഞ്ഞിട്ടും വാഹനഉടമകള്‍ക്ക് ഫലമുണ്ടായില്ലെന്നര്‍ഥം. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 35 ശതമാനവും റഷ്യയില്‍ നിന്നാണ്. ഈ വർഷത്തെ ആദ്യ പകുതിയിൽ മാത്രം വാങ്ങിയത് പ്രതിദിനം ശരാശരി 17.5 ലക്ഷം ബാരൽ. . അധികത്തീരുവ സഹിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമോ അതോ കൂടുതലായി ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കുമോ എന്നതാണ് ചോദ്യം. ട്രംപിന്റെ മുന്നറിയിപ്പിനുശേഷം നിലവിലുള്ളതടക്കം 40 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കരാറുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്സിങ് പുരി പറയുന്നു. പക്ഷേ, റഷ്യയ്ക്കുള്ള ഉപരോധം രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില കുതിച്ചുയരാന്‍ കാരണമാവും. 50% തീരുവയും എണ്ണവിലക്കയറ്റവും നല്‍കുന്ന ഇരട്ട വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നില്‍