പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് പാര്‍ലമെന്‍റില്‍ ബില്ലുകള്‍ പാസാക്കുന്നത് തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയിലും രാജ്യസഭയിലുമായി ഇന്ന് രണ്ടുബില്ലുകള്‍ പാസാക്കി. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ഇരു സഭകളും നേരത്തെ പിരിഞ്ഞു. കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ബി.ജെ.പി. എം.പിമാര്‍ പിന്‍വലിച്ചത് കെ.സി.വേണുഗോപാല്‍ ചോദ്യംചെയ്തു.
പതിവുപോലെ പ്രതിപക്ഷ ബഹളത്തോടെയാണ് ലോക്സഭയും രാജ്യസഭയും നടപടികളിലേക്ക് കടന്നത്. ലോക്സഭ രണ്ടുതവണ നിര്‍ത്തിവച്ചശേഷം രണ്ടുമണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ ചര്‍ച്ചയില്ലെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലാണ് വിഷയം. സ്വതന്ത്രാധികാരമുള്ള തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നും റിജിജു
പ്രതിപക്ഷം ബഹളംതുടര്‍ന്നതോടെ ദ് മെര്‍ച്ചന്‍റ് ഷിപ്പിങ് ബില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അവതരിപ്പിച്ചു,. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത് ബി.ജെ.പിയില്‍നിന്നുള്ള രണ്ട് അംഗങ്ങള്‍ മാത്രം. അവതരണവും ചര്‍ച്ചയും മന്ത്രിയുടെ മറുപടിയും അടക്കം 19 മിനിറ്റില്‍ ബില്‍ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ സമുദ്രത്തിലൂടെയുള്ള ചരക്കുനീക്കം സംബന്ധിച്ച ബില്‍ പാസാക്കി. വോട്ടർപട്ടിക പരിഷ്കരണം ചർച്ചചെയ്യണമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സമാനാവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി മല്ലികാര്‍ജുന്‍ ഖർഗെ രാജ്യസഭാ ഉപാധ്യക്ഷന് കത്തയച്ചു. കടല്‍മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. എംപിമാരായ അപരാജിത സാരംഗിയും ബാലഭന്ദ്ര മാജിയുമാണ് ലോക്സഭയില്‍ ചോദ്യങ്ങള്‍ നല്‍കിയത്. ചോദ്യോത്തര വേളയില്‍ ആദ്യത്തേതായി ലിസ്റ്റ് ചെയ്തെങ്കിലും പിന്നീട് പിന്‍വലിച്ചു. രാവിലെ പാര്‍ലമെന്‍് കവാടത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.