Untitled design - 1

തമിഴ്‌നാട്ടില്‍ എം.എൽ.എയുടെ ഫാം ഹൗസിൽ വെച്ച് സബ് ഇൻസ്പെക്ടറെ വെട്ടിക്കൊന്നു. തിരുപ്പൂരിലെ ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽ തൊഴുവ് ഗ്രാമത്തിലെ ഫാം ഹൗസിലാണ് കൊലപാതകം നടന്നത്. എ.ഐ.എ.ഡി.എം.കെ എം.എൽ.എ സി മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് സംഭവം നടന്നത്. സ്‌പെഷ്യൽ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ ഷൺമുഖവേലാണ് (52) കൊല്ലപ്പെട്ടത്. 

ഫാം ഹൗസിൽ ചില തർക്കങ്ങൾ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഷൺമുഖവേൽ സ്ഥലത്തെത്തിയത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മൂർത്തി എന്നയാളും അദ്ദേഹത്തിന്റെ മകന്‍  തങ്കപാണ്ടിയും ചേർന്നാണ് ഷൺമുഖവേലിനെ വെട്ടിയത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ ഷൺമുഖവേൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പൊലീസുകാരൻ കൊല്ലപ്പെട്ടെന്ന് മനസിലായതോടെ   തങ്കപാണ്ടിയും മൂർത്തിയും ഓടി രക്ഷപ്പെട്ടു.

എസ് ഐ ഷൺമുഖവേല്‍  ഫാം ഹൗസിലെത്തിയപ്പോള്‍ മകന്റെ മർദ്ദനത്തിൽ പരിക്കേറ്റ മൂർത്തിയെയാണ് കണ്ടത്. ഉടനെ അയാളെ ആശുപത്രിയിലേയ്ക്ക് അയച്ചു. ഇതിനിടെയാണ് തങ്കപാണ്ടി അരിവാൾ ഉപയോഗിച്ച് ഷൺമുഖവേലിലെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറെയും വെട്ടാൻ ശ്രമിച്ചു. ഡ്രൈവർ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ട് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് ഷൺമുഖവേൽ മരിച്ച് കിടക്കുന്നത് കണ്ടത്. 

പ്രതികളെ പിടികൂടാൻ 5 പേരടങ്ങിയ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ താൻ ഫാം ഹൗസിൽ ഇല്ലായിരുന്നുവെന്നും, സംഭവത്തെക്കുറിച്ച് അറിയില്ലെന്നും എം.എൽ.എ. സി മഹേന്ദ്രൻ പ്രതികരിച്ചു. കൊല്ലപ്പെട്ട ഷൺമുഖവേലിന്റെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.  

ENGLISH SUMMARY:

AIADMK MLA's Farmhouse Murder: Sub-Inspector Hacked to Death in Tamil Nadu