har-ghar-thiranga

സ്വാതന്ത്ര്യദിനത്തിന് ഒന്‍പതുദിവസം മാത്രം ശേഷിക്കേ ഇത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച തുടങ്ങി. 2025ല്‍ നിന്ന് 1947 കുറച്ചാല്‍ കിട്ടുന്നത് 78 ആണ്. അതുകൊണ്ട് എഴുപത്തെട്ടാം സ്വാതന്ത്ര്യദിനമാണ് ഇത്തവണത്തേതെന്നാണ് ഒരുവിഭാഗത്തിന്‍റെ വാദം. എന്നാല്‍ 1947 ഓഗസ്റ്റ് 15 ആണ് ഇന്ത്യയുടെ ആദ്യസ്വാതന്ത്ര്യദിനം. അതിന്‍റെ വാര്‍ഷികമാണ് 1948 മുതല്‍ ഇങ്ങോട്ട് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തേത്ത് എഴുപത്തൊന്‍പതാം സ്വാതന്ത്ര്യദിനമാണ്.

independence-day-celebration

കേന്ദ്രസര്‍ക്കാരും ഔദ്യോഗിക പോര്‍ട്ടലുകളിലും പ്രസ്താവനകളിലും എഴുപത്തൊന്‍പതാം സ്വാതന്ത്ര്യദിനാഘോഷം എന്നുതന്നെയാണ് രേഖപ്പെടുത്തുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ ചെങ്കോട്ടയുടെ ലഹോറി ഗേറ്റില്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫിസ് പൊതു‍ജനങ്ങളെ സമീപിച്ചിട്ടുണ്ട്. www.mygov.in എന്ന പോര്‍ട്ടലില്‍ ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാം. ഉചിതമായവ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും.

കേന്ദ്രസര്‍ക്കാരിന് പുറമേ എല്ലാ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളും വിവിധ സേനാവിഭാഗങ്ങളും സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമെല്ലാം വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ സംസ്ഥാനതലപരിപാടി തിരുവനന്തപുരത്തും ജില്ലാതലപരിപാടികള്‍ അതത് ജില്ലാ ആസ്ഥാനങ്ങളിലുമാണ്. തിരുവനന്തപുരത്തെ ആഘോഷപരിപാടിയില്‍ മുഖ്യമന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലകളില്‍ മന്ത്രിമാര്‍ നേതൃത്വം നല്‍കും. 

ENGLISH SUMMARY:

A debate has emerged on social media regarding whether 2025 marks India's 78th or 79th Independence Day. One argument suggests it is the 78th by subtracting 1947 from 2025, while the correct view identifies it as the 79th. This is because August 15, 1947, was the first Independence Day, and its subsequent anniversaries have been celebrated since 1948. The Central Government has officially confirmed that it is the 79th Independence Day, with the Prime Minister scheduled to raise the national flag at the Red Fort. The Prime Minister's Office is also inviting citizens to contribute ideas for the Independence Day speech through the MyGov portal. Extensive celebrations are being planned nationwide by central and state governments, including a state-level event in Thiruvananthapuram led by the Chief Minister of Kerala.