മധ്യപ്രദേശിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ചതിനെ തുടർന്ന് 35 വയസ്സുള്ള യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നെപാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നവരയിലാണ് സംഭവം. ഭാഗ്യശ്രീ നാംദേവ് ധനുകാണ് സ്വന്തം വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. പ്രതിയായ 42 വയസ്സുള്ള ഷെയ്ഖ് റയീസിനെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.
പ്രതിയായ റയീസ് തന്‍റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സുഭദ്ര ബായി ആരോപിച്ചു. ‘റയീസ് എന്‍റെ സഹോദരിയെ തലമുടിക്ക് പിടിച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഏറെ നാളായി വിവാഹത്തിനും മതപരിവർത്തനത്തിനും വേണ്ടി റയീസ് സഹോദരിയെ നിർബന്ധിച്ചിരുന്നു. അവൾ വിസമ്മതിച്ചപ്പോൾ, രാത്രി വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി,’ സുഭദ്ര ബായി പറഞ്ഞു. കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തതായി ബുർഹാൻപൂർ പൊലീസ് അറിയിച്ചു.
സംഭവം ഹിന്ദു സംഘടനകളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ‘ലവ് ജിഹാദ്’ കേസാണ് ഇതെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണം. പൊലീസിന് അശ്രദ്ധയുണ്ടായെന്നും ഇവർ കുറ്റപ്പെടുത്തി. മുൻ ക്യാബിനറ്റ് മന്ത്രി അർച്ചന ചിട്‌നിസ് കുടുംബത്തെ സന്ദർശിക്കുകയും അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, പ്രതിയുടെ അനധികൃത സ്വത്തുക്കൾ അധികാരികൾ കണ്ടെത്തി.