ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാനായി വൈറല്‍ റീല്‍സിടാന്‍ ഓടുന്ന ട്രെയിനിലെ യാത്രക്കാരെ ആക്രമിച്ച് യുവാക്കള്‍. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലെ നാഗ്രി ഹാള്‍ട്ടിന് സമീപമാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കവേ യാത്രക്കാരെ യുവാക്കള്‍ വടികൊണ്ട് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടപടിയുമായി ആര്‍പിഎഫും രംഗത്തെത്തി.
ആര്‍പിഎഫ് പറയുന്നതനുസരിച്ച് സമൂഹമാധ്യമങ്ങളിലേക്കായി റീല്‍സ് നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായിരുന്നു യുവാക്കളുടെ ആക്രമണം. ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായാണ് വിവരം. മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആര്‍പിഎഫ് എക്സില്‍ കുറിച്ചു.
വലിയ രോഷമാണ് വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ടാക്കിത്. അക്രമികളായ യുവാക്കള്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. ഉടനടി ഇരുവരേയും അറസ്റ്റ് ചെയ്ത ആര്‍പിഎഫിനും പ്രശംസയുണ്ട്. മറ്റുള്ളവരെയും എത്രയും പിടികൂടട്ടെ ഇന്ന് ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചു. കേവല വിനോദത്തിന് വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തി ആളുകളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കാം. അതുകൊണ്ട്, ഇത്തരം ചെയ്തികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.